Uncategorized

“അവൻ എന്നെ പൂർണ്ണമായി അറിയുന്നു”

വചനം

സങ്കീർത്തനങ്ങള്‍ 139 : 1

യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവിന്റെ മുമ്പിൽ ആദരവോടെ, തന്റെ സേവകരായി നിൽക്കുന്നവരായിരുന്നു ആ രാജ്യത്തിലെ പ്രജകള്‍.  എന്നാൽ തന്നെ രാജസ്ഥാനത്തേയ്ക്ക് കൊണ്ടുവന്ന സർവ്വശക്തനായ ദൈവത്തെ ദാവീദ് മറന്നില്ല ആ ദൈവ മുമ്പാകെ ദാവീദ് വണങ്ങുന്നു.  പിതാവായ ദൈവത്തിന്റെ അത്ഭൂതകരമായ പ്രവർത്തികള്‍ അനുഭവിച്ച ദാവീദ് മഹത്തരമായ വാക്കുകളാൽ ദൈവത്തെ നിരന്തരം സ്തുതിക്കുകയും, ആരാധിക്കുകയും, മഹത്വപ്പെടുത്തുകയും ചെയ്യുന്നത് സങ്കീർത്തനങ്ങളിൽ കാണുവാൻ കഴിയും. ഈ മഹാനായ ദൈവം തന്നെ ശോധന ചെയ്ത് അറിയുന്നു എന്ന് ദാവീദ് ഈ സങ്കീർത്തന ഭാഗത്ത് പാടിയിരിക്കുന്നു.

പ്രായോഗികം

നമ്മെ ഓരോരുത്തരെയും നന്നായി അറിയുന്നു എന്ന് നാം വിശ്വസിക്കുന്ന ചിലരുണ്ട് അത് ഭർത്താവോ, ഭാര്യയോ, അല്ലെങ്കിൽ മാതാപിതാക്കളോ മക്കളോ ആവാം. നമ്മുടെ ഗവൺമെന്റിന് നമ്മുടെ ആധാർ നമ്പർ പരിശോധിച്ചാൽ നമ്മുടെ ബാഹ്യമായ വിവരങ്ങള്‍ ഒക്കെ കണ്ടെത്തുവാൻ കഴിയും.  നാം ലോൺ എടുത്തിട്ടുണ്ടോ,  നമ്മുടെ വരുമാനം, മേൽവിലാസം, സ്വന്തമായുളള വസ്തുവകകള്‍ എന്നി എല്ലാ വിവരങ്ങളും അവർക്ക് ലഭിക്കും. എന്നാൽ നമ്മെ പൂർണ്ണമായി അഥവാ ആന്തരീകമായും ബാഹ്യമായും നന്നായി അറിയുന്ന ഒരാള്‍ മാത്രമേയുളളൂ അത് നമ്മുടെ യേശുക്രിസ്തുവാണ്.   നമ്മുടെ ഭർത്താവിനോ, ഭാര്യക്കോ, മക്കള്‍ക്കോ നമ്മുടെ ഹൃദയത്തിന്റെ ആഴത്തെ അറിയുവാൻ കഴയുകയില്ല. എന്നാൽ നാം എപ്രകാരം ആയിരിക്കുന്നു എന്ന് നമ്മുടെ ഹൃദയത്തെ പരിശോധിക്കുന്ന യേശുക്രിസ്തുവിന് പൂർണ്ണമായി അറിയാം. അതുകൊണ്ട് നാം ഒരു വിശുദ്ധജീവിതം നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു .

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ പൂർണ്ണമായി അറിയുകയും എനിക്ക് എന്താണ് വേണ്ടതെന്ന് ഞാൻ ചോദിക്കുന്നതിനുമുമ്പ് അങ്ങ് മനസ്സിലാക്കുകയും ചെയ്യുന്നു. മാത്രമല്ല എന്റെ തെറ്റുകളും കുറവുകളും അങ്ങ് അറിയുന്നു. അങ്ങേയ്ക്ക് മറവായിരിക്കുന്ന ഒന്നും എന്റെ ജീവിതത്തിൽ ഇല്ല . അങ്ങയെ ആഴമായി സ്നേഹിക്കുവാനും ഒരു വിശുദ്ധജീവിതം നയിക്കുവാനും എന്നെ സഹായിക്കേണമേ. ആമേൻ