Uncategorized

“ആരംഭത്തേക്കാള്‍ അവസാനമാണ് പ്രധാനം”

വചനം

മത്തായി 21 : 11

 ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.

നിരീക്ഷണം

യേശു കഴുതപ്പുറത്തുകയറി യെരുശലേമിൽ എത്തിയപ്പോള്‍ പുരുഷാരം തങ്ങളുടെ വസ്ത്രം വഴിയിൽ വിരിക്കുകയും മറ്റുചിലർ വൃക്ഷത്തിന്റെ കൊമ്പുവെട്ടി വഴിയിൽ വിതറുകയും ചെയ്തുകൊണ്ട് ദാവീദ് പുത്രനു ഹോശന്നാ കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ അത്യുന്നതങ്ങളിൽ ഹോശന്ന എന്ന് ആർത്തുകൊണ്ടിരുന്നു. ആ നഗരം മുഴുവൻ ഇളകി ഈ കഴുതപ്പുറത്തുവരുന്നവൻ ആര് എന്ന് ആശ്ചര്യപ്പെട്ടു. അപ്പോള്‍ നഗരവാസികള്‍ ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു ഉത്തരം പറഞ്ഞു.

പ്രായോഗീകം

യേശുക്രിസ്തുവിന്റെ ശുശ്രൂഷയുടെ ആരംഭത്തിൽ ജനം ചോദിച്ചത് നസ്രത്തിൽ നിന്ന് എന്തെങ്കിലും നന്മ വരുമോ?  ഗലീലിയ കടലിൽ നിന്ന് 40 മൈൽ അകലെയുള്ള ഒരു ചെറിയ ഗ്രാമമായിരുന്നു നസ്രത്ത്. തീർച്ചയായും ഉയർന്ന പാണ്ഡിത്യമുള്ള ആരും അവിടെ നിന്ന് വന്നിട്ടില്ല എന്നതാണ് സത്യം. ആയതുകൊണ്ടു തന്നെ ഒരു പരിധിവരെ ആ പ്രദേശത്തെ അവഹേളിച്ചിരുന്നു എന്ന് ഈ ചോദ്യത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ ആ ചെറിയ പട്ടണത്തിൽ ഒരു ചെറിയ കുഞ്ഞായി ജനിച്ച് ജീവിതം ആരംഭിച്ച് ഒടുവിൽ രാജാക്കന്മാരുടെ രാജാവായി തീരുവാനും ആ വലിയ നഗരം കീഴടക്കുവാനും യേശുക്രിസ്തുവിന് കഴിഞ്ഞു.  ആയതുപോലെ ദൈവം നമ്മുടെ മേലും ഒരു ദൈവീക നിയോഗം വച്ചിരിക്കുമ്പോള്‍ നമ്മുടെ ജീവിത സാഹചര്യങ്ങളെ വെല്ലുവിളിക്കുവാൻ നാം ആരെയും അനുവദിക്കരുത്. ദൈവത്താൽ മഹാന്മാരായ പല നേതാക്കളും ചെറുതായി തുടങ്ങി വലുതായി തീർന്നത് നമുക്ക് ദൈവ വചനത്തിൽ കാണുവാൻ കഴിയും. ഓർക്കുക നിങ്ങള്‍ എങ്ങനെ തുടങ്ങുന്നു എന്നത് അല്ല എങ്ങനെ പൂർത്തീകരിക്കുന്നു എന്നതാണ് കാര്യം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ചെറിയ തുടക്കത്തെ തുശ്ചീകരിക്കാത്തതിന് നന്ദി. എന്റെ തുടക്കം വളരെ ചെറുതായിരുന്നു എന്നാൽ എന്നെ ഏറ്റവും ഉയർത്തുവാൻ അങ്ങേയ്ക്ക് കഴിയും എന്ന ഉറപ്പാണ്. തുടർന്നും അങ്ങയിൽ ആശ്രയിച്ച് അങ്ങ് എന്റെ ജീവിത്തിൽ തന്നിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ