“എന്തുകൊണ്ട്?”
വചനം
യിരമ്യാവ് 43 : 7
യഹോവയുടെ വാക്കു അനുസരിക്കാതെ മിസ്രയീംദേശത്തു ചെന്നു തഹ്പനേസ്വരെ എത്തി.
നിരീക്ഷണം
ദൈവം പ്രവാചകന്മാരിലൂടെ പറഞ്ഞതുപോലെ നെബൂഖദ്നേസരിന്റെ സൈന്യം യിസ്രായലിനെ കീഴടക്കി. യെരുശലേമിനെ പൂർണ്ണമായി നശിപ്പിച്ച ശേഷം, നെബൂഖദ്നേസർ യഹൂദയിൽ നിന്നുള്ള ഒരു ചെറിയ കൂട്ടം യിസ്രായേൽ ജനത്തെ അവിടെ തന്നെ താമസിക്കുവാൻ അനുവദിച്ചു. ആ സമയത്ത് യിരമ്യാപ്രവാചകൻ ജയിലിൽ നിന്ന് മോചിതനായി പുറത്തിറങ്ങി. യഹൂദയിൽ ശേഷിപ്പുള്ള നിരവധി സൈനീക നേതാക്കൾ വന്ന് അവർ ഇനി എന്താണ് ചെയ്യേണ്ടതെന്ന് യിരമ്യാപ്രവാചകനോട് ചോദിച്ചു. യിരമ്യാ പ്രവാചകൻ യഹോവയായ ദൈവത്തോട് ആലോചന ചോദിച്ചു. ദൈവം യിരമ്യാവിനോട് മിസ്രയിമിലേയക്ക് പോകാതെ യഹൂദയിൽ തന്നെ താമസിക്കുവാൻ അവരോട് പറയുക എന്ന് പറഞ്ഞു. അവിടെ തന്നെ അവർ താമസിക്കുകയാണെങ്കിൽ ദൈവം അവരെ അനുഗ്രഹിക്കും എന്നും അരുളിചെയ്തു. ഇത് കേട്ടപ്പോൾ അവർ യിരമ്യാ പ്രവാചകൻ കള്ളം പറയുകയാണെന്ന് പറഞ്ഞിട്ട് അവർ മിസ്രയിമിലേയ്ക്ക് ഇറങ്ങിപ്പോയി.
പ്രായോഗികം
ഈ ഭാഗം വായിക്കുമ്പോൾ “എന്തുകൊണ്ട്?” എന്ന് പലപ്പോഴും ചോദിച്ചുപോകും. എന്തുകൊണ്ട് അവർ യിരമ്യാ പ്രവാചകന്റെ അടുക്കൽ ഉപദേശം ചോദിക്കുവാൻ വന്നു? യിരമ്യാ പ്രവാചകൻ എന്തുകൊണ്ട് 10 ദിവസം യഹോവയിൽ നിന്ന് കേൾക്കുവാൻ കാത്തിരുന്നു? എന്തുകൊണ്ട് യഹോവയുടെ ആലേചന അറിയിച്ചപ്പോൾ യിരമ്യാ പ്രവാചകനെ കള്ളനെന്ന് പറഞ്ഞ് അവന്റെ ഉപദേശത്തെ തള്ളിക്കളഞ്ഞു? മാത്രമല്ല ദൈവം അവരോട് അരുളിചെയ്തതിന് വിപരീതമായി അവർ എന്തുകൊണ്ട് പ്രവർത്തിച്ചു? ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ അവരുടെ “ആജ്ഞാലംഘനം”. അതാണ് അവരെ ശിക്ഷിക്കുവാൻ ദൈവത്തിന്റെ കൈ ആദ്യം മുതൽ അവർക്ക് വിപരീതമായി മാറിയത്. ബാബിലോണിയർ അവരെ ഇത്രത്തോളം നശിപ്പിച്ചിട്ടും അവർ അവരുടെ പാപത്തെക്കുറിച്ച് അനുതപിച്ചില്ല. എന്നാൽ പിന്നെയും ദൈവം ഒരിക്കൽക്കൂടി ഒരവസരം കൊടുത്തിട്ടും അവർ മാനസാന്തരപ്പെട്ടില്ല. അവർ വീണ്ടും ദൈവത്തോട് മത്സരിക്കുകയും ദൈവം പോകരുതെന്ന് പറഞ്ഞ മിസ്രയിമിലേയക്ക് തന്നെ ഇറങ്ങിപ്പോകുകയും ചെയ്തു. അവരുടെ ദൈവത്തോട് മത്സരിക്കുന്ന സ്വഭാവം കാണുമ്പോൾ മാറി നിന്ന് നമുക്ക് ചോദിക്കുവാൻ കഴിയുന്ന ഒരു ചോദ്യമാണ് “എന്തുകൊണ്ട്?” എന്ന്. അവർ ദൈവത്തോട് മത്സരിച്ചതുകൊണ്ട് അവർക്ക് നാശമാണ് ഉണ്ടായത്. ആകയാൽ നമുക്ക് ദൈവത്തോട് മത്സരികാതെ ദൈവത്തെ അനുസരിക്കുവാൻ തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയോട് മത്സരിക്കാതെ അങ്ങ് പറയുന്നത് അനുസരിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ