“ദൈവീക അത്ഭുതങ്ങള്‍ ദൈവ ജനത്തിന്”
വചനം
യോശുവ 2 : 11
കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
നിരീക്ഷണം
യിസ്രായേല്യ ഒറ്റുകാരെ ഒളിപ്പിച്ച വേശ്യയായ രാഹാബിന്റെ വാക്കുകളാണ് ഈ വചനം. യെരീഹോപട്ടണം ഒറ്റുനേക്കുവാൻ യോശുവ ആളെ അയിച്ചിരുന്നു. യെരീഹോ നിവാസികള്‍ എല്ലാവരും യിസ്രായേലിന്റെ മഹാദൈവമായ യഹോവയെക്കുറിച്ച് കേട്ടിണ്ടുണ്ടെന്നും, ദൈവം യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്തത് കേണ്ടപ്പോള്‍ തങ്ങളുടെ ഹൃദയം ഭയത്താൽ തകർന്നുപോയെന്നും രാഹാബ് അവരോട് പറഞ്ഞു.
പ്രായോഗികം
ദൈവം അത്ഭുതം ചെയ്യുന്നത് ദൈവ ജനത്തിനു വേണ്ടിയാണ്. യോശുവയുടെ പുസ്തകത്തിൽ അത് വ്യക്തമായി നമുക്ക് മനസ്സിലാക്കുവാൻ കഴയും, അത് ഇന്നും സത്യമാണ്. ഇന്ന് സഭയിൽ ചിലരുടെ പ്രവർത്തി കാണുമ്പോള്‍ അത് ജനത്തെ കാണിക്കുവാൻ വേണ്ടി ചെയ്യുന്നതാണെന്ന് തോന്നും. അവരുടെ അനുഗ്രഹങ്ങളും സന്തോഷങ്ങളും മുഖാമുഖമായി മറ്റുള്ളവരെ കാണിക്കുവാനാണ് അവർ ദൈവാലയത്തിൽ വരുന്നതെന്ന് തോന്നും. നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തു ചെയ്താലും ദൈവത്തെ പ്രസാധിപ്പിക്കുവാൻ വേണ്ടി ചെയ്യുന്നതായിരിക്കണം. അങ്ങനെ ചെയ്യുമ്പോഴാണ് ദൈവത്തിന്റെ അത്ഭുതങ്ങള്‍ ദൈവ ജനത്തിന്റെ ഇടയിൽ നടക്കുന്നത്. ദൈവീക അത്ഭുതങ്ങള്‍ വെളിപ്പെടുമ്പോള്‍ ജനങ്ങള്‍ അവിടേയ്ക്ക് ഓടികൂടുവാൻ ഇടയാകും. ദൈവം ദൈവ സഭയിൽ ഉണ്ടെന്നും അതുകൊണ്ട് അവിടെ അത്ഭുതങ്ങള്‍ നടക്കുന്നു എന്നും അറിയുമ്പോള്‍ അനേകർ ദൈവത്തോട് അടുത്തുവരുവാൻ ശ്രമിക്കും. ദൈവം നമ്മോട് കൂടെ ഇരുന്നാൽ അത്ഭുതങ്ങള്‍ നടക്കും. യസ്രായേൽ ജനത്തോടുകൂടെ ദൈവം ഇരുന്ന് അത്ഭുതങ്ങള്‍ ചെയ്തത് അന്യ ജാതിക്കാർ കണ്ടപ്പോഴാണ് അവരുടെ ഹൃദയം ഉരുകുവാൻ ഇടയായതും അവർ ദൈവത്തെ ഭയപ്പെട്ടതും. ദൈവം നമ്മോട് കൂടെ ഇരുന്ന് അത്ഭുതങ്ങള്‍ ചെയ്യുമ്പോള്‍ നമ്മുടെ ആത്മ ശത്രൂവായ പിശാച് നമ്മെ വിട്ട് ഓടിപ്പോകുകയും അനേകർ അത് കണ്ട് ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യും. നമ്മുടെ ജീവിതങ്ങളിൽ യേശുക്രിസ്തു കൂടെയിരുന്ന് അത്ഭുതങ്ങള്‍ ചെയ്യുവാൻ ദൈവഹിത പ്രകാരം ജീവിക്കുവാൻ നമ്മെതന്നെ സമർപ്പിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്നോട് കൂടെയിരുന്ന് എന്റെ ജീവിതത്തിൽ അത്ഭുതങ്ങള്‍ ചെയ്യുവാൻ ഇടയാകേണമേ. അങ്ങയുടെ സാന്നിധ്യത്തിൽ ഞാൻ ആയിരിക്കുമ്പോള്‍ ശത്രു എന്നെ വിട്ട് ഓടിപോകുകയും അനേകർ അത് കണ്ട് ദൈവത്തിൽ വിശ്വസിക്കുവാൻ ഇടയാകുമാറാകേണമേ. ആമേൻ