Uncategorized

“നിങ്ങൾ തളർന്നു പോകയില്ല”

വചനം

യിരെമ്യാവ്  31 : 25

ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തി വരുത്തും.

നിരീക്ഷണം

ബാബിലോൺ രാജാവായ നെബുഖദ്നേസർ യിസ്രായേൽ ജനത്തെ അടിമകളാക്കി കൊണ്ടുപോയപ്പോൾ ദൈവം തന്റെ ജനത്തോട് പ്രവാചകൻ മുഖാന്തരം പറഞ്ഞു ഞാൻ നിങ്ങളെ അവരുടെ അടിമത്വത്തിൽ നിന്നും മടക്കി കൊണ്ടുവരും. അവർ യഹൂദാ ദേശത്ത് പുനഃസ്ഥാപിക്കപ്പെടും എന്നും വ്യക്തമാക്കി. എന്നാൽ യിരെമ്യാവിന്റെ കാലമായപ്പോഴേയ്കും ചില യഹൂദന്മാർ പൂർണ്ണമായും ക്ഷീണിതരായി തീർന്നു എന്ന് ദൈവം പറയുന്നു . എന്നാൽ അവരോട് പറയുന്നത് നിങ്ങളിൽ ക്ഷീണിച്ചിരിക്കുന്നവരെ ഞാൻ ഉത്മേഷം നൽകി അനുഗ്രഹിക്കും തളർന്നു പോകുന്നവർക്ക് ബലം നൽകി അവരെ സംതൃപ്തരാക്കും എന്നും പറയുന്നു.

പ്രായോഗികം

താങ്കൾ എപ്പോഴെങ്കിലും തളർന്നും ക്ഷീണിച്ചും പോയ അവസരങ്ങൾ ഉണ്ടായിട്ടുണ്ടോ? ചിലപ്പോൾ നാം വെയിലത്ത് ഒത്തിരി ജോലി ചെയ്താൽ നമ്മുടെ ശീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ട് നാം മയങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകാം. കുറച്ചു സമയത്തേയക്ക് കണ്ണിൽ ഇരുട്ട് കയറി നാം ഒന്നും അറിയാത്തവരെപ്പോലെ ആയി തീരാം. എന്നാൽ ചില നിമിഷങ്ങൾക്കകം നാം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യുമ്പോൾ പൂർവ്വ സ്ഥിതിയിലേയക്ക് വരുവാൻ ഇടയാകും. അതുപോലൊരു അവസ്ഥയിൽ യിസ്രായേൽ ജനം ആയിതീർന്നു അപ്പോൾ ദൈവം പറയുകയാണ് നിങ്ങൾ ഇപ്പോൾ എന്ത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് നന്നായി അറിയാം. നിങ്ങൾ തളർന്ന് വീഴുന്ന ഘട്ടത്തിലാണ് പക്ഷേ ഈ ക്ഷീണത്തെ ഞാൻ മാറ്റി ശക്തിപ്പെടുത്തും. നീങ്ങളുടെ ജീവിതം എത്രകഠിനമായ ശോധനയിലുടെ കടന്നുപോയാലും അതിൽ നിന്ന് വലിയ മാറ്റം നൽകി നിങ്ങൾക്ക് ശക്തിയും ബലവും തൃപ്തിയും തരുവാൻ നമ്മുടെ ദൈവത്തിന് കഴിയും. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും പാതയായ യേശുവിന്റെ പാതയിലൂടെ നടക്കുവാൻ ദൈവം താങ്കളെ സഹായിക്കുമാറാകട്ടെ!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് നയിക്കുന്ന സന്തോഷത്തിന്റെ പാതയിലുടെ നടന്ന് സ്വർഗ്ഗീയ സംതൃപ്തി പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ