“യഹോവയുടെ കൈയ്യാൽ ചുറ്റി പരിപാലിക്കും”
വചനം
സങ്കീർത്തനം 125 : 2
പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
നിരീക്ഷണം
നാം എപ്പോഴെങ്കിലും യിസ്രായേൽ രാജ്യം സന്ദർശിച്ചിട്ടുണ്ടെങ്കിൽ ഈ വാക്യം കൃത്യമായി മനസ്സിലാകും. കാരണം യെരുശലേം തന്നെ ഒരു കുന്നിൻ മുകളിലാണ് ഇരിക്കുന്നത്. യെരുശലേമിനെ “പൂർണ്ണമായും” പർവ്വതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്, അത് അതിന് സുരക്ഷിതത്വവും ആണ്!! അതാണ് ദാവീദ് രാജാവ് ഈ വചനത്തിലുടെ വരച്ചുകാണിച്ചിരിക്കുന്നത്. യേശുക്രിസ്തുവിനെ അനുഗമിക്കുന്ന ഒരു വ്യക്തിയെ “കർത്താവ് ഇതുപോലെ ചുറ്റി പരിപാലിക്കും” എന്നതാണ് സത്യം.
പ്രായോഗികം
കർത്താവിനാൽ ചുറ്റപ്പെട്ടിരിക്കുന്നു എന്നതിന്റെ അർത്ഥം സ്വർഗ്ഗത്തിലെ എല്ലാ അനുഗ്രഹങ്ങളും നമ്മിലേയ്ക്ക് ചോരിയപ്പെട്ടിരിക്കുന്നു എന്നതാണ്. ഒരു പക്ഷേ ഇന്ന് നിങ്ങൾ സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടുകയും, ഉണ്ടായിരുന്ന അവസാന രൂപ വരെയും ചിലവായി ഇനി ആര് സഹായിക്കും എന്ന് വളരെ വേദനപ്പെടുകയും ചെയ്യുന്ന ദിവസമായിരിക്കാം ഇന്ന്. എന്നാൽ ഓർക്കുക നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ ചുറ്റിപരിപാലിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ മക്കളിൽ ആരെങ്കിലും ഭേദമാകാത്ത രോഗത്താൽ ഭാരപ്പെടുന്നുണ്ടായിരിക്കാം. അതിനെയോർത്ത് നിങ്ങൾ വളരെ ഭാരപ്പെടുകയും കരയുകയും ചെയ്യുന്നായിരിക്കാം, എന്നാൽ ഇന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നത് കാത്തിരിക്കുക മറക്കരുത് ദൈവം തന്റെ സ്നേഹത്താലും സൗഖ്യത്താലും നിങ്ങളുടെ മക്കളെ ചുറ്റിയിരിക്കുന്നു. അതുമല്ലെങ്കിൽ നിങ്ങൾക്ക് സ്വയം പ്രതിരോധിക്കുവാൻ കഴിയാത്തവിധം പലവിധ കുറ്റങ്ങൾ നിങ്ങളുടെ മേൽ ചുമത്തി നിങ്ങളെ നിന്ദിക്കുകയായിരിക്കാം. എന്നാൽ നിങ്ങളെ ഓർമ്മിപ്പിക്കുന്നത് ശാശ്വത ദൈവം ആണ് നിങ്ങളുടെ ദൈവം തന്റെ കരസ്പശത്താൽ ചുറ്റിയിരിക്കുന്നു. ആകയാൽ അത് നിങ്ങൾക്ക് അനുകൂലമായി മാറുവാൻ ദൈവം നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. കർത്താവ് നിങ്ങളുടെ ശത്രുക്കളോട് ഇടപെടും അല്ലെങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് നിങ്ങളെ ഉയർത്തും എന്ന് പൂർണ്ണമായി വിശ്വസിക്കുക. ദൈവത്തിന്റെ കരങ്ങളിൽ നിങ്ങൾ സുരക്ഷിതരാണ് കാരണം യേശുക്രിസ്തു നിങ്ങളെ ഉറപ്പായും ചുറ്റി പരിപാലിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
പലപ്പോഴും എന്റെ ജീവിത്തിൽ താഴ്ചയുടെയും നിരാശയുടെയും അനുഭവങ്ങളാൽ വളരെ ഭാരപ്പെടുകയും അശ്വസ്ഥപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇന്ന് അങ്ങ് എന്നെ ചുറ്റിപരിപാലിക്കുന്നു എന്ന ഉറപ്പ് തന്നതിനാൽ നന്ദി. അതിൽ ഉറച്ച് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ