Uncategorized

“യഹോവയുടെ കോപ ദിവസത്തിൽ”

വചനം

സെഫന്യാവ്  2 : 3

യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.

നിരീക്ഷണം

യഹൂദയുടെ ചരിത്രത്തിൽ അവർ ഒരു ജനതയെന്ന നിലയിൽ അനീതയുടെ മുൾമുനയിൽ എത്തിയ കാലഘട്ടത്തിലെത്തി. അപ്പോൾ ദൈവം തന്റെ പ്രവാചകനായ സെഫന്യാവിലൂടെ അരുളി ചെയ്തത്, എന്റെ കോപം നിങ്ങളുടെ മേൽ വരുന്നതിനുമുമ്പ്, നിങ്ങൾ സൌമ്യതയും, നീതിയും, വിശുദ്ധിയും ഉള്ളവരായി എന്നെ അന്വേഷിപ്പീൻ. അങ്ങനെ ചെയ്യുമെങ്കിൽ എന്റെ കോപദിവസത്തിൽ നിങ്ങൾക്ക് മറവിടം ഉണ്ടാകും.

പ്രായോഗികം

ചരിത്രത്തിലുടനീളം നാം നോക്കിയാൽ, യുദ്ധം, തീവ്രവാദം, പ്രകൃതി ദുരന്തങ്ങൾ എന്നവ ഉണ്ടാകുമ്പോൾ, ക്രൂരന്മാരോടൊപ്പം സ്നേഹവും, നീതിയും, വിശുദ്ധിയും നയിച്ച് ജീവീക്കുന്നവരും നശിക്കുന്നതായി കാണുവാൻ കഴിയും. ആകയാൽ യഹൂദയുടെ പാപം നിമിത്തം ആ രാജ്യത്തിന്മേൽ ദൈവകോപം ചോരിയപ്പെടുവാൻ പോകുകയാണെന്നും അതിനുമുമ്പ് ദൈവം നീതിമാന്മാർക്ക് മുന്നറിയിപ്പ് നൽകുന്നതായും ഇവിടെ കാണാം. അവർ തങ്ങളെ തന്നെ താഴ്ത്തി ദൈവത്തോട് നിലവിളിക്കേണ്ട സമയം ഏറ്റവും അടുത്താണെന്നും അത് ഇപ്പോൾ തന്നെ ചെയ്യണം എന്നും വ്യക്തമാക്കുന്നു. തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യർ ക്രൂരന്മാരായി മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ മനുഷ്യാവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കപ്പെടുന്ന ഒരു കാലഘട്ടം കൂടെയാണിപ്പോൾ. എന്നാൽ അങ്ങനെ പ്രസംഗിക്കുന്നവരുടെ പ്രവർത്തികൾ വിപരീതവും ആയിരിക്കുന്നു. അതിനു നടുവിൽ ദൈവമക്കൾ എങ്ങനെ ജീവിക്കണം? കാരണം പാപം വാതിക്കൽകിടക്കുന്നു, ആകയാൽ നാം ദൈവത്തെ അന്വേഷിക്കുകയും, സ്വയം താഴ്ത്തുകയും, ദൈവ വചനം അനുസരിച്ചും ജീവിക്കണം. എന്നാൽ അനർത്ഥ ദിവസത്തിൽ ദൈവം നമ്മെ തന്റെ ചിറകിനടിയിൽ മറച്ച് രക്ഷിക്കും എന്ന് ഈ വചനത്തിലുടെ നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് മറ്റുള്ളവരുടെ കാര്യം പറയുവാൻ കഴിയില്ല എന്നാൽ ഞാനും എന്റെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും. ആമേൻ