“വിശ്വാസകപ്പൽ തകർന്നു”
വചനം
1 തിമൊഥെയൊസ് 1 : 19
ചിലർ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പൽ തകർന്നുപോയി.
നിരീക്ഷണം
അപ്പോസ്ഥലനായ പൗലോസ് തന്റെ നിജപുത്രനായ തിമൊഥെയൊസിന് എഴുതിയതാണ് ഈ ലേഖനം. തന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാനും സ്വന്തം മനഃസ്സാക്ഷിയെ ബഹുമാനിക്കുവാനും അവനെ പ്രബോധിപ്പിച്ചു, അല്ലാത്ത പക്ഷം അവന്റെ വിശ്വാസകപ്പൽ തകർച്ചയിലേയ്ക്ക് പോകും എന്ന് ഓർമ്മിപ്പിച്ചു. കാരണം മറ്റുള്ളവരിൽ അങ്ങനെ സംഭവിക്കുന്നത് പൗലോസ് കണ്ടിരുന്നു അതുകൊണ്ട് അങ്ങനെ സംഭവിക്കാതിരിക്കുവാൻ ഓർമ്മിപ്പിക്കുകയായിരുന്നു.
പ്രായോഗീകം
ഒരു കപ്പൽ തകരണമങ്കിൽ പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ടായിരിക്കും. ഒന്ന് ആ കപ്പലിന്റെ കപ്പിത്താന്റെ അശ്രദ്ധ. രണ്ട് ആഞ്ഞടിച്ച കൊടുങ്കറ്റിൽ കപ്പിത്താന് വഴിതെറ്റി എങ്ങോ മറിഞ്ഞു. രണ്ടായാലും തെറ്റ് കപ്പിത്താന്റെതാണ്. നമ്മുടെ ജീവിതം ഒരു കപ്പൽ പോലെയാണ്, കപ്പിത്താൻ എന്ന നിലയിൽ നമ്മുടെ കപ്പൽ ഏത് വഴിക്ക് നയിക്കണമെന്ന് തീരുമാനിക്കുവാനുള്ള അധികാരം നമുക്കുണ്ട്. ജീവിതകപ്പൽ തകന്നവർക്ക് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാൽ ചിലപ്പോൾ അവർ ഇപ്രകാരം പറയുമായിരിക്കും, ഞാൻ ഒരു ക്രിസ്ത്യാനിയാണ്, ദൈവം ഇത് സംഭവിക്കുവാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അങ്ങനെ പറയുന്നവരെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ മനസ്സിലാകും അവർ ഒരിക്കലും തങ്ങളുടെ ജീവിതമാകുന്ന കപ്പൽ നിയന്ത്രിക്കുവാൻ യേശുവിന്റെ സഹായം തേടിയില്ല എന്ന്. നമ്മുടെ ഈ ലോക ജീവിത്തിൽ നമ്മുടെ ജീവിതമാകുന്ന കപ്പൽ തകരാതിരിക്കുവാനുള്ള രഹസ്യം പൗലോസ് അപ്പോസ്ഥലൻ ഈ വചനത്തിലൂടെ നമുക്ക് നൽകുന്നു. നമ്മുടെ വിശ്വാസം മുറുകെപിടിക്കുവാനും നമ്മുടെ മനഃസ്സാക്ഷിയും ദൈവവചനപ്രകാരവും ജീവിച്ചാൽ നമ്മുടെ വിശ്വാസകപ്പൽ തകരാതെ അവസാനം വരെ ജീവിക്കുവാൻ നമുക്ക് കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ വിശ്വാസകപ്പൽ തകരാതെ അവസാനം വരെ അങ്ങ് നയിക്കേണമേ. അങ്ങയിൽ മാത്രം ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
