“സകലവും ദൈവകരങ്ങളിൽ സുരക്ഷിതം”
വചനം
സങ്കീർത്തനം 46 : 10
മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
നിരീക്ഷണം
യിസ്രായേലിന്റെ രാജാവായി ദൈവത്താൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ ദാസനായ ദാവീദിലൂടെ ദൈവം നേരിട്ട് സംസാരിച്ച ഒരു വേദ ഭാഗമാണിത്. ഇത് യിസ്രായേൽ ജനതയോടു മാത്രമല്ല ഇന്ന് യേശുക്രിസ്തുവിനെ അനുഗമിക്കുന്ന നാം ഓരോരുത്തരോടുമുള്ള ദൈവത്തിന്റെ അരുളപ്പാടെന്തെന്നാൽ “സ്വസ്തമായിരിക്കുക, സ്വയം സമാധാനിക്കുക, കാരണം നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം മുഴുവൻ ദൈവകരങ്ങളിലാണ്”. കാലത്തികവിങ്കൽ ദൈവം ജാതികളിൽ ഉന്നതനാകും, മത്രമല്ല സർവ്വഭൂമിയലും ഉന്നതനാകും എന്നും ഇവിടെ വ്യക്തമാക്കുന്നു.
പ്രായോഗികം
യേശുവിന് ഇന്ന് നിങ്ങളോട് പറയുവാനുള്ളത് ഇതാണ് “ശാന്തമാകൂ, സമ്മർദ്ദം ഇല്ലാതിരിക്കൂ കാരണം നിയന്ത്രണം മുഴുവൻ എന്റെ കരങ്ങളിലാണ്”. ഇന്ന് ജീവിതത്തിൽ നേരിടുന്ന വെല്ലുവിളി എന്തുമാകട്ടെ അതും ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ കുടംബത്തെക്കുറിച്ച് ആകുലപ്പെട്ടിരിക്കുന്നെങ്കിൽ, നിങ്ങൾ സാമ്പത്തീക വിഷയങ്ങളിൽ ആശങ്കപ്പെട്ടിരിക്കുന്നുവെങ്കിൽ, നിങ്ങളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണെങ്കിൽ ഇവയെല്ലാം ദൈവകരങ്ങളിൽ സുരക്ഷിതം ആണെന്ന് അറിയുക. നിങ്ങളുടെ കുടുംബ പ്രശ്നത്തെ പരിഹരിക്കുവാനും, സ്വർഗ്ഗത്തിലെ ഭണ്ഡാരം തുറന്ന് സാമ്പത്തീക ബുദ്ധിമുട്ട് മാറ്റുവാനും, നിങ്ങൾക്ക് ഇപ്പോഴുള്ളതിനെക്കാളും നല്ലൊരു ജോലി നൽകുവാനും ദൈവത്തിന് കഴിയും എന്ന് മനസ്സിലാക്കുക കാരണം സകലതും ദൈവത്തിന്റെ മുമ്പിൽ നഗ്നവും മലർന്നതുമായിരിക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു. നിങ്ങളുടെ ഉറ്റ സ്നേഹിതർ ചിലപ്പോൾ നിങ്ങളെ മറന്നേക്കാം, എന്നാൽ എല്ലാവരെക്കുളും ഏറ്റവും അടുത്തു നിൽക്കുന്ന ഒരു സുഹൃത്താണ് കർത്താവായ യേശുക്രിസ്തു. നിങ്ങൾ ഇപ്പോൾ ഏത് അവസ്ഥയിലാണ് ആയിരിക്കുന്നതെന്ന് ദൈവത്തിന് കൃത്യമായി അറിയാം, ആകയാൽ സമാധാനമായിരിക്കുക, സകലവും ദൈവകരങ്ങളിൽ സുരക്ഷതം എന്ന വിശ്വാസത്തിൽ ഉറച്ചിരിക്കുക!!!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് അറിയാതെ ഒരു വെല്ലുവിളിയും നേരിടുകയില്ല എന്നതിൽ ഞാൻ അങ്ങേയക്ക് നന്ദി പറയുന്നു. ഞാൻ ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നത്തിനും പരിഹാരം അങ്ങയുടെ കൈയ്യിൽ ഉള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു. ആകയാൽ ഇന്ന് ശാന്തതയോടെ വസിക്കുവാൻ എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ