“സ്വസ്ഥമായിരിക്കുക”
വചനം
ലേവ്യാപുസ്തകം 25 : 4
ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.
നിരീക്ഷണം
യിസ്രായേൽ ജനം ആചരിക്കേണ്ട ഒരു നിയമം ദൈവം മോശയിലൂടെ അറിയിച്ചതാണ് ഈ വചനത്തിൽ നാം വായിക്കുന്നത്. ഉല്പത്തി പുസ്തകത്തിൽ യഹോവയായ ദൈവം ആറു ദിവസം കൊണ്ട് സർവ്വവും സൃഷ്ടിച്ചതിനുശേഷം ഏഴാം ദിവസം സ്വസ്ഥമായിരുന്നു എന്ന് കാണുവാൻ കഴിയും. ലേവ്യാപുസ്തകത്തിൽ ദൈവം മോശയേട് ഭൂമിയ്ക്കും ഏഴാം വർഷം ശബ്ബത്ത് വിശ്രമം ഉണ്ടായിരിക്കേണം എന്ന് കല്പിക്കുന്നു. ഭൂമിയ്ക്കുപോലും ഒരു വിശ്രമം കൊടുക്കണം എന്ന് ദൈവം കല്പിച്ചത് നമുക്ക് വിശ്വസിക്കുവാൻ കഴിയുമോ?
പ്രായോഗികം
യേശുക്രിസ്തുവിനോടൊപ്പം ഏകാന്തതയ്ക്കായും ധ്യാനത്തിനായും സമയം കണ്ടെത്തേണ്ടത് ആവശ്യം ആണ്. ഏതെങ്കിലും തരത്തിൽ ഫലവത്തായി പ്രവർത്തിക്കുന്ന എന്തിനും വിശ്രമം ആവശ്യം ആണ്. നമുക്ക് എ.സി പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് അറിയാം കുറച്ച് സമയം അത് പ്രവർത്തിയ്ക്കും മുറി തണുത്തുകഴിയുമ്പോള് അത് വിശ്രമിക്കും വീണ്ടു മുറിചൂടാകുമ്പോള് അത് പ്രവർത്തിക്കവാൻ തുടങ്ങും. എ.സിക്ക് തുടർച്ചയായി പ്രവർത്തികുവാൻ കഴിയുകയില്ല അങ്ങനെ ചെയ്താൽ അത് കത്തി നശിക്കും. ഇത് ഒരു ജീവനില്ലാത്തവസ്തുവിന്റെ കാര്യം ആണെന്ന് നമുക്ക് അറിയാം എന്നാൽ ഒരു ജീവനില്ലാത്ത വസ്തുവിന്റെ കാര്യം ഇങ്ങനെയാണെങ്കിൽ ഒരു ജീവനുള്ളവസ്തുവന്റെ കാര്യം എങ്ങനെയെന്ന് ചിന്തിക്കുവാൻ കഴിയുമോ? ഭൂമി ഏഴ് വർഷത്തിൽ ഒരിക്കൽ സ്വസ്ഥമായിരിക്കണം എങ്കിൽ തീർച്ചയായും മനുഷ്യരായ നാം ആഴ്ചയിൽ ഒരു ദിവസം കർത്താവിനെ ആരാധിക്കുവാൻ വേർതിരിക്കുകയും ആ ദിവസം സ്വസ്ഥമായിരിക്കുകയും വേണം. ഒരു ദിവസം ദൈവത്തെ ആരാധിക്കുന്നതിനും ശരീരത്തിന് വിശ്രമം നൽകുന്നതിനും വേണ്ടി മാറ്റിവയ്ക്കുവാൻ നാം ശ്രദ്ധിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ,
ദൈവത്തെ ആരാധിക്കേണ്ട ദിവസം അതിനായി തന്നെ വേർതിരിക്കുവാൻ എനിയ്ക്ക് കൃപ നൽകുമാറാകേണമേ. ആമേൻ