“അനുസരിക്കുന്നതിലൂടെയുള്ള അനുഗ്രഹം”
വചനം
ഉല്പത്തി 12 : 4
യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു.
നിരീക്ഷണം
ഈ അധ്യായത്തിന്റെ ആരംഭത്തിൽ യഹോവയായ ദൈവം അബ്രഹാമിനോട് “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.” എന്ന് കല്പിച്ചു. അങ്ങനെ ചെയ്താൽ “ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.” എന്ന വാഗ്ദത്തവും അബ്രഹാമിന് നൽകി. ദൈവം അരുളിചെയ്തത് അബ്രഹാം അതുപോലെ അനുസരിച്ചു.
പ്രായോഗികം
അബ്രഹാമിന്റെ തലമുറയിൽ നിന്നാണ് യിസ്രായേൽ ആരംഭിക്കുന്നത്. യിസ്രായേൽ എന്ന രാഷ്ട്രമില്ലാതെ ഒരു ക്രിസ്തീയ ചരിത്രം പറയുവാൻ കഴിയകയില്ല. അബ്രഹാം ഇല്ലാതെ യിസ്രായേൽ ഇല്ല. ഈ ഒരൊറ്റമനുഷ്യന്റെ അനുസരണം നിമിത്തം ശേഷിക്കുന്ന കാലഘട്ടത്തിലുള്ള വിജയത്തിന്റെയും പ്രത്യാശയുടെയും ആരംഭം കുറിച്ചു. അബ്രഹാമിന്റെ പിതാവ് ഒരു നല്ല കുടുംബത്തിൽ ജനിച്ച മനുഷ്യനായിരുന്നു, ധാരാളം സുഹൃത്തുക്കളും സമ്പത്തും ഉള്ള രാജ്യത്ത് പാർത്തിരുന്നു. തലമുറകളായി തന്റെ പിതാക്കന്മാർ ആസ്വദിച്ച സാധാരണ ജീവിതം തുടരുവാൻ അബ്രഹാമും തീരുമാനിച്ചു. എന്നാൽ ദൈവത്തിന്റെ വാക്കിൽ തനിക്ക് “ഇല്ല” എന്ന് പറയാമായിരുന്നു എന്നാൽ പകരം ഉറപ്പായ ഒരു സാധാരണ ജീവിതം ഉപേക്ഷിക്കുവാൻ അബ്രഹാം വിശ്വാസത്താൽ പ്രേരിതനായി. കാരണം, അദ്ദേഹം ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ചു. ഏകദേശം 4000 വർഷങ്ങൾക്ക് മുമ്പ് അബ്രഹാം ദൈവത്തോട് “അതെ” എന്ന് പറഞ്ഞതുകൊണ്ട് നാം ഇന്നും ദൈവത്തോട് “അതെ” എന്ന് പറയുവാൻ മടികാണിക്കുന്നില്ല. എന്തുകൊണ്ട്? അനുസരിക്കുന്നതിലൂടെ അനുഗ്രഹം ഉണ്ട് എന്ന് നാം മനസ്സിലാക്കിയതുകൊണ്ടും അബ്രഹാമിൽ അതു നിറവേറി എന്ന് നമുക്ക് ഉറപ്പുള്ളതുകൊണ്ടും.
പ്രാർത്ഥന
പ്രീയ യേശുവേ,
അനുസരിക്കുന്നതിലൂടെയുള്ള അനുഗ്രഹം പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ