Uncategorized

“ആദ്യ സ്നേഹത്തിലേയ്ക്ക് മടങ്ങുക”

വചനം

വെളിപ്പാട് 2 : 4

എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.

നിരീക്ഷണം

എഫെസൊസിലെ സഭയെക്കുറിച്ച് വെളിപ്പാട് പുസ്തക എഴുത്തുകാരനിലൂടെ വെളിപ്പെട്ട ദൈവത്തിന്റെ വാക്കുകളാണിത്. അവർ കാണിച്ച സഹിഷ്ണതയും, കൊള്ളരുതാത്തവരെ അവർക്ക് സഹിച്ചുകൂടാത്തതും, അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ  പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും, അവർക്ക് സഹിഷ്ണതയുള്ളതും കർത്താവിന്റെ നാമംനിമിത്തം അവർ സഹിച്ചതും തളന്നുപോകാഞ്ഞതും ദൈവം വ്യക്തമായി അറിയുന്നു എന്ന് അവരോട് അരുളിചെയ്തു. ഇതെല്ലാം കർത്താവ് അവരെക്കുറിച്ച് പറഞ്ഞതിനുശേഷം എങ്കിലും അവർ അവരുടെ ആദ്യ സ്നേഹം വിട്ടുകളഞ്ഞു എന്ന ഒരു കുറ്റം അവർക്കുണ്ടെന്ന് വ്യക്തമാക്കികൊടുക്കുന്നു.

പ്രായോഗികം

ഇന്ന് യേശുവിനെ അനുഗമിക്കുന്ന വിശ്വാസികളുടെ അവസ്ഥയും എഫെസൊസിലെ വിശ്വാസികളെപ്പോലെ തന്നെയെന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. നാം കർത്താവിനെ വ്യക്തിപരമായി അറിയുകയും പാപത്തിന്റെ ഇരുൾ നിറഞ്ഞ അവസ്ഥയിൽ നിന്നും വെളിച്ചത്തിലേയ്ക്ക് കടന്നു വരുകയും ചെയ്ത ദിനം ഇപ്പോൾ ഓർമ്മയുണ്ടോ? ഒരു കൊച്ചുകുട്ടി പിതാവിനെ അനുസരിക്കുന്നതുപോലെ ദൈവത്തെ ഭക്തിയോടെ അനുസരിച്ച നിമിഷങ്ങൾ, സുവിശേഷം പറയുവാൻ വ്യഗ്രതയുള്ള ദിനങ്ങൾ, സുവിശേഷത്തേക്കാൾ മറ്റൊന്നിനും വിലകൊടുക്കാത്ത നിമിഷങ്ങൾ. യേശുവുമായുള്ള ദൈനംദിന ബന്ധം പുലർത്തിയ നിമിഷങ്ങൾ ഇവയായിരുന്നു ആദ്യ കാല അനുഭവങ്ങൾ ആദ്യ സ്നേഹത്തിന്റെ പ്രതിഭലനങ്ങൾ. എന്നാൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ നാം നമ്മുടെ ജീവിതം, കുടുംബജീവിതം, ബിസ്സ്നസ്സ്, മറ്റുപല തിരക്കുകളിൽ പെട്ടിട്ട് ദൈവത്തോട് ഉള്ള അടുപ്പം കുറഞ്ഞു കുറഞ്ഞുവന്നിരിക്കുന്നു. ദിവസവും ചെയ്യേണ്ട കാര്യങ്ങൾ എഴുതുന്ന ലിസ്റ്റിൽ യേശുവിനുവേണ്ടി ചെയ്യേണ്ടത് ഏറ്റവും അവസാനം ആയിപ്പോകുന്ന അവസ്ഥ. അതുപോലെ എഫെസൊസിലെ ജനതയും ആയി തീർന്നു അതുകൊണ്ട് ആണ് യേശു പറഞ്ഞത് നി നിന്റെ ആദ്യസ്നേഹത്തിലേയ്ക്ക് മടങ്ങി വരിക എന്ന്. ആകയാൽ ഇന്ന് ദൈവം നമ്മോടും പറയുന്നത് നാം ദൈവത്തോടുള്ള ആദ്യ സ്നേഹത്തിൽ നിന്ന് വ്യതിചലിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും മടങ്ങിവന്ന് ആദ്യത്തെ പ്രവർത്തി ചെയ്യുവാൻ ഉസ്താഹിക്കുക, അതാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എനിക്ക് അങ്ങയോടുള്ള ആദ്യസ്നേഹത്തിൽ തന്നെ എന്നും നിലനിൽക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ