“ആർക്കും തടയുവാൻ കഴിയാത്തത്”
വചനം
അപ്പോ.പ്രവൃത്തി 4 : 4
എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
നിരീക്ഷണം
ദൈവ സഭയുടെ ആരംഭത്തിൽ വലീയ എതിർപ്പുകൾ ഉണ്ടായിരുന്നു എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. അപ്പോ.പ്രവൃത്തി 3-ാം അധ്യായത്തിൽ യേശുവിന്റെ സുവിശേഷം പ്രസംഗിച്ചതിന് രണ്ട് മുഖ്യ അപ്പോസതലന്മാരായ പത്രോസിനെയും യോഹന്നാനെയും തടവിലാക്കി. എന്നാൽ സുവിശേഷം വളരെ ശക്തമായതുകൊണ്ട് അവരെ തടവിലാക്കുന്നതിനുമുമ്പ് വചനം കേട്ട പലരും വിശ്വസിച്ചു, യേശുവിനെ അനുഗമിക്കുന്നവരുടെ എണ്ണം ഉടൻ തന്നെ 3000 ത്തിൽ നിന്ന് 5000 ആയി ഉയർന്നു!!
പ്രായോഗികം
ഒരിക്കൽ ദൈവസഭയുടെ ആരംഭം കുറിച്ചു ആകയാൽ ആർക്കും അതിന്റെ വളർച്ചയെ തടയുവാൻ കഴിയുകയില്ല. ആർക്കും എന്നാൽ എനിക്കോ നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ ദൈവ സഭയുടെ വളർച്ചയെ തടയുവാൻ സാധ്യമല്ല. നിങ്ങൾക്ക് സഭാ ഹോളിനെ ഇടിച്ചുകളയാം, കത്തിക്കാം, വിശ്വാസികളെ പീഡിപ്പിക്കാം, അപകീർത്തിപ്പെടുത്താം, വിശ്വാസികളെ തല്ലാം, കൊല്ലാം പക്ഷേ ദൈവ സഭയുടെ വളർച്ചയെ തടയുവാൻ ആർക്കും കഴിയുകയില്ല. ഒരിക്കൽ സമർപ്പിക്കപ്പെട്ടവർ പിൻമാറുന്നതിനുപകരം കർത്താവന് വേണ്ടി മരിക്കുവാൻ തയ്യാറാണ്. അപ്പോസ്ഥലനായ പൗലോസ് റോമർക്ക് എഴുതിയ ലേഖനത്തിൽ ഇപ്രകാരം ഒരു ചോദ്യം ചോദിച്ചു, റോമർ 8:35 “ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” മറ്റൊരുവിധത്തിൽ പറഞ്ഞാൽ ആർക്കാണ് സഭയെ ഇല്ലാതാക്കുവാൻ കഴിയുക? ദൈവത്തിന്റെ സ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്തുവാൻ ഒന്നിനും കഴിയുകയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി!! യേശുക്രിസ്തുവിന്റെ സഭയെ തടയുവാൻ ശ്രമിക്കുന്ന എല്ലാവരോടു പറയാനുള്ളത് നിങ്ങൾക്ക് ഒരിക്കലും സഭയുടെ വളർച്ചയെ തടയുവാൻ കഴിയുകയില്ല കാരണം സഭയെ വളരുമാറാക്കുന്നത് ദൈവമാണ്!!
പ്രാർത്ഥന
പ്രീയ യേശുവേ,
യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പ്രവർത്തിയെ തടയുവാൻ ആർക്കും കഴിയുകയില്ല. സുവിശേഷം പറയുന്നതിന്റെ ഒരു ഭാഗമായി തുടർന്നും പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ