Uncategorized

“ഇത് ഹൃദയത്തിൽ നടക്കേണ്ട പ്രവർത്തിയാണ്”

വചനം

യോവേൽ 2 : 13

വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.

നിരീക്ഷണം

യോവേൽ എന്ന ദൈവത്തിന്റെ പ്രവാചകൻ ഇവിടെ ദൈവത്തിന് പകരമായി സംസാരിക്കുന്നു. യഹോവയായ ദൈവത്തിൽ നിന്ന് അകന്നുപോയവരും വിഗ്രഹാരാധനയിൽ വീണുപോയവരുമായ യിസ്രായേൽ ജനത്തോട് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുന്നത്, അവർ തങ്ങളുടെ ഹൃദയത്തെ ദൈവത്തിങ്കലേയക്ക് തിരിച്ച് ദൈവത്തോട് അടുത്തുവരിക എന്നതാണ്. ദൈവം പ്രതികാരം ചെയ്യുവാൻ സാവധാനതയുള്ളവനാണെന്നും എന്നാൽ ദൈവത്തിന്റെ സ്നേഹം നിരന്തരം ഉള്ളതായിരിക്കും എന്നും അരുളി ചെയ്യുന്നു. നാം ചെയ്യുന്ന പ്രവൃത്തിപോലെ നമ്മോട് ഒരിക്കലും ദൈവം പ്രതികാരം ചെയ്യുകയില്ല.

പ്രായോഗികം

പ്രതികാരം ഏതു രൂപത്തിലായാലും ശ്രദ്ധ ആകർഷിക്കുന്നതാണ്.മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങൾ തെറ്റ് ചെയ്യുമ്പോൾ അവരെ ശിക്ഷിക്കാറുണ്ട്, അത് കുഞ്ഞുങ്ങളോട് പ്രതികാരം ചെയ്യുന്നതല്ല മറിച്ച് അവർ ചെയ്തത് തെറ്റാണെന്ന് അവർക്ക് ബോധം വരുത്തി അവരുടെ ശ്രദ്ധ നല്ല പ്രവർത്തിയിലേയക്ക് തിരിക്കുവാനാണത്. അത് സ്നേഹം ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുവാൻ വേണ്ടി നമ്മുടെ മേൽ വിപത്ത് വരുത്തുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. അവൻ ആവശ്യപ്പെടുന്നത് നമ്മുടെ ഹൃദയം ദൈവത്തിന് തുറന്നുകൊടുക്കുക എന്നതാണ്. മറ്റുള്ളവരെ കാണിക്കുവാൻ നാം ചെയ്യുന്നതൊന്നും അവൻ ആഗ്രഹിക്കുന്നില്ല എന്നാൽ അത് നമ്മുടെ ഹൃദയത്തിൽ നിന്ന് വരുന്നവയാണോ എന്ന് ദൈവം നോക്കും. യഥാർത്ഥ മാറ്റം നമ്മുടെ ജീവിതത്തിൽ ഉണ്ടാകേണ്ടത് ഹൃദയത്തിനകത്തുനിന്ന് വരുകയും അത് പുറത്ത് പ്രകടമാകുകയും ചെയ്യണം. അതാണ് ദൈവം ആഗ്രഹിക്കുന്ന പ്രവർത്തി.  

പ്രാർത്ഥന

പ്രീയ യേശുവേ,

പുറമേയുള്ള ഭക്തിയല്ല എന്റെ ഹൃദത്തിനുള്ളിലുള്ള മാറ്റം ആണ് ദൈവം ആഗ്രഹിക്കുന്നതെന്ന് എനിക്ക് ഉറപ്പായി. ആകയാൽ എന്റെ ഹൃദയത്തിൽ തന്നെ മാറ്റം വരുത്തുവാൻ എനിക്ക് കൃപ തരുമാറാകേണമേ. ആമേൻ