Uncategorized

“എപ്പോഴും ദൈവസാന്നിധ്യം അനുഭവിക്കുക”

വചനം

ഉത്തമ ഗീതം 4 : 6

വെയിലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻ മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.

നിരീക്ഷണം

ശലോമോന്റെ മണവാട്ടിയായ ശൂലേംകാരത്തിയുടെ വാക്കുകളാണ് ഈ വചനത്തിൽ നാം കാണുന്നത്. അവള്‍ തുടർന്ന് പറയുന്നത് യിസ്രായേൽ ജനതയുടെ വിശുദ്ധ സ്ഥലമായ മോറിയാ മലയെക്കുറിച്ചാണ്. അത് പഴയ നിയമ യിസ്രായലേന്റെ ആരാധനാസ്ഥലം ആണ്. ഇതിനെ നാം പുതിയ നിയമ സഭയുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ നിയമ വിശ്വാസികള്‍ ദൈവ സാന്നിധ്യം അനുഭവിക്കുവാൻ കൂടി വരുന്നത് ദൈവസഭയിലാണ്. ശലോമോന്റെ മണവാട്ടി രാത്രി ആകുന്നതിന് മുമ്പ് ദൈവത്തിന്റെ സാന്നിധ്യം ഇറങ്ങിവസിക്കുന്നിടമായ മേറിയാ മലയിൽ ചെന്ന് പ്രാർത്ഥിക്കുവാനും ദൈവീക സാന്നിധ്യം അനുഭവിക്കുവാനും  ആഗ്രഹിക്കുന്നതായി പറയുന്നു.

പ്രായോഗീകം

നമ്മുടെ ജീവിത സാഹചര്യങ്ങള്‍ ചിലപ്പോള്‍ വളരെ മോശമാകാറുണ്ട്.  മോശമായ സാഹചര്യങ്ങളിൽ ഓടി അടുക്കുവാൻ കഴിയുന്ന ഏക സ്ഥലം ദൈവത്തിന്റെ സാന്നിധ്യം ഉള്ള ഇടമാണ്. അതുപോലെ നമ്മുടെ ജീവിതത്തിൽ വളരെ സന്തോഷം തരുന്ന ആനുഭവങ്ങളും ഉണ്ടാകാറുണ്ട്.  ആ സന്തോഷത്തിന്റെ ആഘോഷങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പ് നമുക്ക് ദൈവത്തിനിറെ സാന്നിധ്യത്തിലേയ്ക്ക് പോകണം എന്ന് നാം തീരുമാനിക്കേണ്ടതുണ്ട്. ഈ ദൈവ വചനത്തിൽ ശൂലേംകാരത്തി ഒരു സ്ഥലം തിരഞ്ഞെടുക്കുന്നു. അവളെ സമ്മന്ധിച്ചിടത്തോളം ദൈവത്തോട് ശരിക്കും അടുക്കുവാൻ, ദൈവം ഇറങ്ങിവസിക്കുന്ന ഒരു സ്ഥലം കണ്ടെത്തേണ്ടതുണ്ട്. അതുപോലെ നാമും ദൈവ സാന്നിധ്യം അനുഭവിക്കുവാൻ ദൈവ സഭയിൽ എത്തേണ്ടത് ആവശ്യമാണ്. ഇപ്പോള്‍ താങ്കള്‍ കടന്നുപോകുന്നത് ഏതു സാഹചര്യത്തിലൂടെ ആയിരുന്നാലും ദൈവ സാന്നിധ്യത്തിലേയ്ക്ക് കടന്നു ചെല്ലുവാൻ താങ്കളെ മാടിവിളിക്കുകയാണ്. ജീവിത്തിൽ നല്ലതു സംഭവിച്ചാലും മോശമായത് സംഭവിച്ചാലും കർത്താവിന്റെ സാന്നിധ്യം സങ്കേതം ആയിരിക്കണം. ശലോമോന്റെ മണവാട്ടിയെപ്പോലെ നമുക്കും ദൈവാലയത്തിലേയ്ക്ക് ചെന്ന് ദൈവ സാന്നിധ്യം അനുഭവിക്കുവാൻ തീരുമാനിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടാകാം എന്നിരുന്നാലും അങ്ങയുടെ സാന്നിധ്യത്തിനായി ആകാംഷയോടെ കാത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. സന്തോഷവേളയിലും സന്താപവേളയിലും എനിക്ക് അങ്ങയുടെ സാന്നിധ്യം ആവശ്യമാണ് അതിനായി അങ്ങയുടെ സന്നിധിയിലേയ്ക്ക് ഓടി അണയുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ