“എളിയവരോട് ദയയും നീതിയും”
വചനം
“എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.”
നിരീക്ഷണം
കഷ്ടവും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരു പുരുഷനെയോ സ്ത്രീയെയോ അടിച്ചമർത്തുകയോ, ബുദ്ധിമുട്ടിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഏതൊരുവ്യക്തിയും തന്റെ സൃഷ്ടാവാം ദൈവത്തെ തന്നെ നിന്ദിക്കുന്നു എന്ന് ശലോമോൻ നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ എളിയ ജനത്തോട് ദയയും ഉദാരമനസ്കതയും കാണിക്കുന്നതിലൂടെ നാം നമ്മുടെ സൃഷ്ടാവാം ദൈവത്തോട് ബഹുമാനം കാണിക്കുന്നു.
പ്രായോഗികം
ഈ വചനം വായിക്കുമ്പോള്‍ തന്നെ വ്യക്തിപരമായ ജീവിത്തിൽ നാം ആവശ്യത്തിൽ ഇരിക്കുന്ന എളിയവരെ സഹായിക്കുവാൻ ഒരു തീരുമാനം എടുക്കേണം. സമ്പന്നരായവരെ സഹായിക്കുവാൻ ഒത്തിരിപേർ ഉണ്ടായിരിക്കാം കാരണം അങ്ങനെയുളളവരെ സഹായിച്ചാൽ അവരിൽ നിന്നും തിരിച്ചും സഹായം ലഭിക്കും എന്ന പ്രതീക്ഷ സഹായിക്കുന്നവരിൽ ഉണ്ടാകാം. അപ്രകാരം പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനും അനേകരുണ്ടായിരിക്കാം. എന്നാൽ തിരിച്ചു സഹായിക്കുവാൻ കഴിയാത്തവരെ ആരും സഹായിക്കുകയില്ല മറിച്ച് അവരെ ആരെങ്കിലും സാഹായിച്ചാൽ സഹായിക്കുന്നവരെ ആരും പരിഗണിക്കുകയുമില്ല. എന്നാൽ ദൈവ വചനം നമുക്ക് ഉറപ്പ് നൽകുന്നു ദരിദ്രനോടു കൃപ കാണിക്കുന്നവനെ ദൈവം ബഹുമാനിക്കുന്നു. നമ്മുടെ ജീവിതത്തിൽ നാം മനുഷ്യനെ പ്രസാദിപ്പിക്കുന്നതിനെക്കാള്‍ ദൈവത്തെ പ്രസാധിപ്പിക്കുവാൻ തയ്യാറാകേണം. എളിയവരെ ചൂഷണം ചെയ്തുകൊണ്ട് ദൈവത്തെ അപമാനിക്കുന്നവരായിട്ടല്ല, ദരിദ്രനോട് കൃപ കാണിച്ചുകൊണ്ട് ദൈവത്തെ ബഹുമാനിക്കുന്നവരായി മാറാം. അതാണ് നമ്മുടെ ജീവിത്തിൽ ആവശ്യം. എളിയവരെ ആദരിപ്പാൻ ഒരു തീരുമാനം ഇന്ന് പ്രഭാതത്തിൽ നമുക്ക് എടുക്കാം ദൈവം അതിനായി നമ്മെ സഹായിക്കട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
സഹായം ആവശ്യമുളളവരുടെ അടുക്കലേക്ക് എന്നെ അയക്കേണമേ. അവരെ അപമാനിക്കാതെ ബഹുമാനിക്കുന്ന ഒരു നല്ല ഹൃദയം അവിടുന്ന് എനിക്ക് നൽകേണമേ. എളിയവരോട് കൃപ കാണിക്കുവാൻ ഒരു തീരുമാനം ഇന്ന് ഞാൻ അങ്ങയുടെ സന്നിധിയിൽ എടുക്കുന്നു. അത് നിറവേറ്റുവാൻ ആവശ്യമായ കൃപ എനിക്ക് നൽകേണമേ. ആമേൻ