“ജീവിതം പരമാവധി പ്രയോജനപ്പെടുത്തുക”
വചനം
ഇയ്യോബ് 16 : 22
ചില ആണ്ടു കഴിയുമ്പോഴേക്കു ഞാൻ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.
നിരീക്ഷണം
വേദപുസ്തകത്തിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകമാണ് ഇയ്യോബിന്റെത്. ഇത് ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പ് യിസ്രായേലിലെ ഏതോ ഒരു വ്യക്തി എഴുതിയതാകാം എന്ന് ചരിത്രകാരന്മാർ പറയുന്നു. ഇയ്യോബ് തന്റെ ജീവിതത്തിൽ പലതരം പ്രശ്നങ്ങളാൽ കഠിനമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ഒടുവിൽ ഒരു ദിവസം അവൻ തന്റെ കഷ്ടപ്പാടിനിടയിൽ ഇപ്രകാരം പറഞ്ഞു “എനിക്ക് ജീവിക്കുവാൻ ഇനി കുറച്ചു വർഷങ്ങൾ മാത്രമേ ശേഷിപ്പുള്ളൂ”. അദ്ദേഹം ആ പ്രസ്ഥാവന നടത്തുമ്പോൾ അദ്ദേഹത്തിന് 70 വയസ്സായിരുന്നു എന്ന് മിക്ക ചരിത്രകാരന്മാരും പറയുന്നു.
പ്രായോഗികം
മേൽപ്പറഞ്ഞ പ്രസ്ഥാവനയ്ക്കു ശേഷം ഇയ്യോബ് പിന്നെയും ഏകദേശം 140 വർഷങ്ങൾ കൂടി ജീവിച്ചു എന്നതാണ് സത്യം! ഈ ഭൂമിയിൽ നാം എത്രകാലം ജീവിക്കും എന്ന് നമുക്ക് അറിയുവാൻ കഴിയുകയില്ല. അങ്ങനെയെങ്കിൽ ഇയ്യോബ് പറഞ്ഞതുപേലെ പറയുവാൻ നാം തയ്യാറാകരുത്. നാമെല്ലാവരും ഒരിക്കൽ കർത്താവിനെ കാണും എന്നതാണ് നാം വിശ്വസിക്കുന്നത്. എന്നാൽ യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ, നാം അവിടെ എത്തുവാൻ തിടുക്കം കാണിക്കരുത്, എന്തുകൊണ്ട്? നമ്മുടെ രക്ഷിതാവിനെ അറിയാത്ത ഏത്രയോ കോടി ജനങ്ങൾ ഈ ഭൂമിയിൽ ഉണ്ട്. യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ ശിഷ്യന്മാരെ ഏൽപ്പിച്ച ഏറ്റവും വലിയ ദൗത്യം ലോകത്തിലൊക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിക്കുക എന്നതാണ്. നമ്മുടെ ആയുസ്സ് എത്ര എന്നതോ, ഏതുനേരത്തോ നാഴികയിലോ നമ്മുടെ അന്ത്യം എന്നതോ നാം അറിയുന്നില്ല, എന്നാൽ നാം ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം നമ്മുടെ ലക്ഷ്യം, കർത്താവിന്റെ സുവിശേഷം പ്രസംഗിക്കണം എന്നതായിരിക്കണം. അതിനായി പരമാവധി നമ്മുടെ ആയുസ്സിനെ പ്രയോജനപ്പെടുത്തണം. ഇയ്യോബ് ആ പ്രസ്ഥാവന നടത്തുമ്പോൾ തന്റെ മുമ്പോട്ടുള്ള ജീവിതം വളരെ മനോഹരവും, ഏറ്റവും നല്ല ദിനങ്ങളും ആണെന്നത് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ആയുസ്സ് എത്ര എന്നതും അദ്ദേഹത്തിന് ഒരറിവും ഉണ്ടായിരുന്നില്ല. ആകയാൽ നമുക്ക് തരുന്ന ആയുസ്സെല്ലാം കർത്താവിന്റെ സുവിശേഷം പ്രസംഗിച്ച് അനേകരെ കർത്താവിന്റെ രാജ്യത്തിന് അവകാശിയാക്കുവാൻ ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ആയുസ്സെല്ലാം അങ്ങയുടെ സുവിശേഷം സകല സൃഷ്ടികളോടും പ്രസംഗിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ