Uncategorized

“തെറ്റ് ചെയ്തവരോട് ക്ഷമിക്കുമ്പോള്‍”

വചനം

യെശയ്യ 21 : 3

അതുകൊണ്ടു എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.

നിരീക്ഷണം

യിസ്രായേൽ രാജ്യത്തെ നശിപ്പിക്കുകയും ജനത്തെ അടിമകളായി പിടിച്ചകൊണ്ടു പോയി വളരെ ഉപദ്രവിക്കുകയും ചെയ്ത ബാബിലോൺ സാമ്രാജ്യത്തിന് വരുവാനിരിക്കുന്ന നാശത്തെക്കുറിച്ച് ദൈവത്തിന്റെ അരുളപ്പാട് യെശയ്യാ പ്രവാചകന് ഉണ്ടായപ്പോള്‍, പ്രവാചകൻ വിലപിച്ചു പറയുന്ന വാക്കുകളാണ് ഈ വേദ ഭാഗത്തിൽ കാണുന്നത്. ഇത്രയും പ്രബലമായിരിക്കുന്ന ബാബിലോൺ സാമ്രാജ്യത്തിന് എന്ത്  സംഭവിക്കുവാൻ പോകുന്നു എന്ന് വ്യക്തമായ ഒരു ദർശനം യെശയ്യാ പ്രവാചകന് ലഭിച്ചു. എന്നാൽ ബാബിലോൺ സമ്രാജ്യം നശിക്കുമ്പോള്‍ തന്റെ സ്വന്ത ജനമായ യിസ്രായേൽ ജനം അവരുടെ അടിമത്വത്തിൽ നിന്ന് വിടുവിക്കപ്പെട്ട് സ്വന്തം രാജ്യത്തേയ്ക്ക് വരുവാൻ കഴിയും എന്ന് ഓർത്ത് പ്രവാചകൻ സന്തോഷിക്കുകയല്ല ചെയ്തത്. ബാബിലോണിന് വരുന്ന അതി ഭയങ്കമായ വിനാശത്തെ അതിയായി വെറുക്കുകയും അതിന്റെ ഭയാനകത്തെയോർത്ത് വളരെ ദുഃഖിക്കുകയും ആണ് പ്രവാചകൻ ചെയ്തത്.

പ്രായോഗീകം

“നിങ്ങളോട് തെറ്റ് ചെയ്തവരോട് നിങ്ങള്‍ ക്ഷമിക്കുമ്പോള്‍” നിങ്ങള്‍ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഈ വിശ്വാസം ഒരു മതം മാത്രമല്ലാ എന്ന് തെളിയിക്കപ്പെടുന്നു. യെശയ്യാ പ്രവാചകൻ അനേക വർഷങ്ങളായി ബാബിലോൺ സാമ്രാജ്യത്തിനെതിരായി പ്രവചിക്കുകയും ആ സാമ്രാജ്യത്തിന്റെ മോശമായ പ്രവർത്തികളെ ചൂണ്ടികാണിക്കുകയും ചെയ്തുപോന്നു. എന്നാൽ അവർ ഓരിക്കലും പ്രവാചകന്റെ വാക്ക് കേള്‍ക്കുവാൻ തയ്യാറായില്ല. അതുകൊണ്ട് അവരുടെ പ്രവർത്തനങ്ങള്‍ക്ക് ദൈവം അവരോട് എങ്ങനെയാണ് പ്രതികരിക്കുവാൻ പോകുന്നതെന്ന് പ്രവാചകൻ ദർശനത്തിൽ ദർശിച്ചപ്പോള്‍ പ്രവാചകന് തന്നെ സഹിക്കുവാൻ കഴിഞ്ഞില്ല. പ്രവാചകൻ അനുകമ്പയും സങ്കടവും കൊണ്ട് മനസ്സു തകരുകയും ശരീരം വല്ലാത്ത വേദനയാൽ ഞരങ്ങുകയും ചെയ്യുന്നതായി ഈ വചനത്തിൽ കാണുന്നു. മറ്റുള്ളവർ നമ്മെ വെറുക്കുമ്പോള്‍ അവരെ സ്നേഹിക്കുവാനും നാം നിരസിക്കപ്പെടുമ്പോള്‍ അത് ചെയ്തവരെ ആലിംഗനം ചെയ്യുവാനും ശപിക്കുമ്പോള്‍ അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും നമ്മെ നിർബന്ധിക്കുന്ന ഒരു വിശ്വാസമായിരിക്കണം നമ്മുടെ ക്രിസ്തീയ വിശ്വാസം. പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ അത്തരത്തിലുള്ള വിശ്വാസത്തിലല്ല നമ്മള്‍ ജീവിക്കുന്നതെങ്കിൽ, നമ്മുടെ ക്രിസ്തീയ വിശ്വാസത്തിൽ എവിടെയോ തെറ്റിപ്പോയി. സ്നേഹവും, ആഴമേറീയ വിശ്വാസവും, പ്രവർത്തയുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം. യേശുക്രിസ്തുവും തന്നെ ഉപദ്രവിച്ചവർക്കുവേണ്ടി പ്രർത്ഥിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്തു ആയതുകൊണ്ട് ക്രിസ്തുവിന്റെ ഭാവം തന്നെ നമ്മിലും ഉണ്ടാകുവാൻ ഇടയാകണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിലുള്ള വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവർ വെറുക്കുമ്പോഴും, നിരസിക്കുമ്പോഴും ശപിക്കുമ്പോഴും അവരെ സ്നേഹിക്കുവാനും, അവരുടെ നാശത്തിൽ സന്തോഷിക്കുയല്ല അവരെ കൈക്കുപിടിച്ച് ഉയർത്തുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ