Uncategorized

“ദൈവത്തിന്റെ മനുഷ്യന് ദൈവത്തിന്റെ നിയമങ്ങൾ”

വചനം

യിരമ്യാവ്  40 : 4

ഇപ്പോൾ, ഇതാ, നിന്റെ കൈമേലുള്ള ചങ്ങല ഞാൻ ഇന്നു അഴിച്ചു നിന്നെ വിട്ടയക്കുന്നു; എന്നോടു കൂടെ ബാബേലിൽ പോരുവാൻ നിനക്കു ഇഷ്ടമുണ്ടെങ്കിൽ പോരിക; ഞാൻ നിന്നെ നോക്കും എന്നോടുകൂടെ ബാബേലിൽ പോരുവാൻ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊൾക.

നിരീക്ഷണം

നെബുഖദ്നേസർ രാജാവിന്റെ നേതൃത്വത്തിൽ യിസ്രായേലും യഹൂദാ മുഴുവനും ബാബിലോണിന്റെ അധീനതയിൽ ആയി തീർന്ന സമയത്ത്, ബാബിലോൺ രാജാവിന്റെ അകമ്പടി നായകൻ ജയിലിൽ ചെന്ന് “ദൈവത്തിന്റെ മനുഷ്യനായ യിരമ്യാവിനെ” സ്വതന്ത്രനാക്കി. എന്നിട്ട് പ്രവാചകനോട്, നിനക്ക് എന്നോടൊപ്പം ബാബിലോണിലേയ്ക്ക് വരുവാൻ താല്പര്യമുണ്ടെങ്കിൽ വരാം, വരുന്നെങ്കെൽ ഞാൻ നിന്നെ പരിപാലിക്കാം, അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ളിടത്ത് ജീവിക്കുവാൻ നീ സ്വതന്ത്രമനാണ് എന്ന് വ്യക്തമായി പറഞ്ഞു.

പ്രായോഗികം

“ദൈവത്തിന്റെ മനുഷ്യനായ യിരമ്യാവ്” യഹോവയായ ദൈവം പറഞ്ഞ സത്യം സ്വന്തം രാജ്യത്തിന് എതിരായി പ്രവചിച്ചതുകൊണ്ട് സ്വന്തം ദേശത്തിലെ രാജാവ് തന്നെ ഉപദ്രവിക്കുകയും ചങ്ങലയ്ക്ക് ഇട്ട് ജയിലിൽ അടക്കുകയും ചെയ്തു. ദൈവം പറയുന്ന സത്യം കേൾക്കുവാൻ മനസ്സില്ലാത്ത അനേകർ ഇന്നും ഉണ്ടെന്നത് സത്യമായ കാര്യമാണ്. “ദൈവത്തിന്റെ പ്രവാചകനെ” തടവറയിൽ നിന്ന് മോചിച്ച് വിടുവിക്കേണ്ടതിന് ദൈവത്തിന് ഒരു വിദേശ രാജാവിനെ എഴുന്നേൽപ്പിക്കേണ്ടി വന്നു. പലപ്പോഴും ദൈവത്തിന്റെ മക്കളെ സ്വന്തം വിശ്വാസത്തിലുള്ളവർ തിരിച്ചറിഞ്ഞില്ലെങ്കിലും പുറത്തുള്ളവർ തിരിച്ചറിയും എന്ന് മനസ്സിലാക്കുവാൻ കഴിയും. “ദൈവത്തിന്റെ പ്രവാചകനായ യിരമ്യാവ്” ആദ്യം മുതൽ തന്നെ ദൈവത്തിന്റെ അരുളപ്പാടുകൾ ജനത്തിന് ഇഷ്ടമില്ലാതിരുന്നപ്പോഴും ദൈവം പറഞ്ഞ പ്രകാരം തന്നെ ജനങ്ങളെ അറിയിക്കുകയും അപ്രകാരം തന്നെ ജീവിക്കുകയും ചെയ്തു. തന്റെ സ്വന്തം ആളുകൾ പ്രവാചകനെ തടവിലാക്കിയപ്പോഴും പ്രവാചകൻ ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ച് തന്നെ പ്രവർത്തിച്ചു. അവസാനം സ്വന്തം ജനങ്ങൾ അടിമകളായി പോകുകയും “ദൈവത്തിന്റെ സ്വന്തം പ്രവാചകൻ” സ്വതന്ത്രനാകുകയും ചെയ്തു. ആകയാൽ ദൈവത്തിന്റെ മക്കൾക്ക് ദൈവത്തിന്റെ നിയമങ്ങൾ അനുകൂലമായി വരുന്ന സമയം വരെ കാത്തിരുന്ന് ദൈവത്തിന്റെ വചനപ്രകാരം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക!!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ അരുളപ്പാട് ഏതു സാഹചര്യത്തിലും അനുസരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ