Uncategorized

“ദൈവപ്രവർത്തി ഏതു നേരവും വെളിപ്പെടാം”

വചനം

യെഹേസ്ക്കേൽ  12 : 28

അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

നിരീക്ഷണം

യഹോവയായ ദൈവം യിസ്രായേൽ ജനത്തോട് പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടും അവർ അവരുടെ പ്രവർത്തികളെ മാറ്റുവാൻ തയ്യാറായില്ല. ആകയാൽ യഹോവയായ ദൈവം ഈ അധ്യായത്തിൽ പറയുന്നത് ദൈവത്തിന്റെ ഒരു വചനം പോലും നിവർത്തിയാകാതിരിക്കില്ല, കാരണം യിസ്രായേൽ ജനത്തിന്റെ മനംതിരിവിനായി കാത്തിരുന്ന ദൈവം അത് അവസാനിപ്പിച്ചിട്ട് താൻ അരുളിചെയ്തതുപോലെ പ്രവർത്തിപ്പിക്കുവാൻ തന്നെ തീരുമാനിച്ചു.

പ്രായോഗികം

ഈ വചനത്തിൽ വരുവാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ദൈവം പറയുന്നു ഞാൻ പറഞ്ഞത് എത്രയും പെട്ടെന്ന് നിവർത്തിയാകും എന്നാണ്. അതിന് അർത്ഥം ചില നല്ലകാര്യങ്ങൾ ദൈവം നമ്മോട് പറഞ്ഞിട്ടുണ്ടെങ്കിൽ അതും നിവർത്തിപ്പാൻ നമ്മുടെ ദൈവം സന്നദ്ധനാണ്. ഏതെങ്കിലും രോഗത്തിന്റെ അവസ്ഥയിൽ താങ്കൾ ആയിരിക്കുന്നുവെങ്കിൽ ദൈവം രോഗ സൗഖ്യം തരാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതു ചെയ്യുവാൻ നമ്മുടെ ദൈവത്തിന് കഴിയും. അല്ലെങ്കിൽ നാം കാത്തിരിക്കുന്ന ഏതെങ്കിലും വിഷയത്തിൽ ദൈവ പ്രവർത്തി വെളിപ്പെടുവാൻ ഇനി കാലതാമസം ഇല്ല. ഇപ്പോഴത്തെ നിങ്ങളുടെ വെല്ലുവിളികൾക്ക് ഒരു പൂർത്തീകരണവും നിങ്ങളോടു പറഞ്ഞ വാഗ്ദത്തങ്ങൾക്ക് ഒരു നിവർത്തിയും ഏതുനേരത്തും തരുവാൻ നമ്മുടെ ദൈവം പ്രാപ്തനാണ്. അതിനായി കാത്തിരിക്കാം നമ്മുടെ ദൈവം സർവ്വശക്തനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നോടുള്ള അങ്ങയുടെ വാഗ്ദത്തങ്ങളെ എത്രയും വേഗം നിവർത്തീകരിച്ച് തരുമാറാകേണമേ. ആമേൻ