Uncategorized

“ദൈവസന്നിധിയിൽ കാത്തിരിക്കുക!”

വചനം

വിലാപങ്ങൾ 3 : 26

യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.

നിരീക്ഷണം

വിലാപങ്ങൾ എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ യിരമ്യാവ് ആണെന്നത് എല്ലാവർക്കും ഒരുപക്ഷേ അറിയില്ലായിരിക്കും.  യഹോവയുടെ പ്രവാചകനായ യിരമ്യാവ് ദൈവത്തിന്റെ അരുളപ്പാട് അറിയിച്ചതു മുഖാന്തരം പല കഷ്ടങ്ങളും സഹിക്കേണ്ടി വന്നു. പഴയ നിയമത്തിലെ കരയുന്ന പ്രവാചകൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. നമ്മുടെ ജീവിതത്തിൽ കടന്നുവരുന്ന എല്ലാ വെല്ലുവിളികളെയും നമുക്ക് അതിജീവിക്കുവാൻ കഴിയേണ്ടതിന് നാം കർത്താവായ യേശുക്രിസ്തുവിന്റെ രക്ഷയ്ക്കായി നിശബ്ദമായി കാത്തിരിക്കുകയാണ് ഉത്തമം എന്ന് ഈ വേദഭാഗം നമ്മെ പഠിപ്പിക്കുന്നു.

പ്രായോഗികം

നമ്മുടെ നിത്യേനയുള്ള ജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾ കടന്നു വരിക പതിവാണ്. പലപ്പോഴും വിചാരിക്കുന്ന സമയത്ത് കാര്യങ്ങൾ നടക്കാതിരിക്കുകയും ചെയ്യാം അപ്പോൾ വിശ്വാസികളായ നാം പലപ്പോഴും പതറിപ്പോകാറുണ്ട്. ഉദാഹരണത്തിന് ആവശ്യങ്ങൾ നിറവേറ്റുന്നതിന് പണം ഇല്ലാതെ ഭാരപ്പെടുക, കുഞ്ഞുങ്ങൾ അനുസരണമില്ലാതെ തെറ്റിപ്പോകുക, വളരെ കാലമായി പ്രർത്ഥിച്ചിട്ടും ഒരു വിവാഹം നടക്കാതിരിക്കുക, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിക്ക് എന്തു ചെയ്താലും ഇഷ്ടപ്പെടാതെ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുക. അങ്ങനെ പലവിധ ഭാരങ്ങളാൽ നാം വിഷമിക്കുമ്പോൾ അതിനെ അതിജീവിക്കുവാൻ എന്തുചെയ്യുവാൻ കഴിയും എന്നാണ് ഈ വേദഭാഗത്തിൽ കാണുന്നത്. നമ്മുടെ നിയന്ത്രണത്തിലല്ലാത്തകാര്യം നടത്തി തരേണ്ടത് ദൈവമാണ് ആ ദൈവപ്രവർത്തിക്കായി നാം കാത്തിരിക്കുക എന്നതാണ് നമുക്ക് ചെയ്യുവാൻ കഴിയുന്ന ഏക കാര്യം. അതെ, പലപ്പോഴും കാത്തിരിക്കുക ഏറ്റവും ബുദ്ധിമുട്ട് ഉളവാക്കുന്നതാണെങ്കിലും ദൈവമായ യഹാേവേ എന്റെ എല്ലാ പ്രതിക്ഷയും വിശ്വാസവും അങ്ങയിലാണ്, അങ്ങയുടെ പ്രവർത്തിക്കായി കാത്തിരിക്കുന്നു എന്ന് പ്രർത്ഥിച്ചാൽ നിശ്ചയമായും ദൈവപ്രവർത്തി നാം കാണുക തന്നെ ചെയ്യും. പോകുവാൻ മറ്റൊരിടവുമില്ലാതെ ദൈവത്തിനായി തന്നെ കാത്തിരിക്കുമ്പോൾ തക്കസമയത്ത് ഉത്തരമരുളുന്നവനാണ് നമ്മുടെ ദൈവം. ആയതുകൊണ്ട് ഭാരപ്പെടുന്ന വിഷയത്തിന് മറുപടിക്കായി ദൈവ സന്നിധിയിൽ തന്നെ കാത്തിരിക്കുന്നതാണ് നല്ലത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം കിട്ടുവാനായി ദൈവ സന്നിധിയിൽ കാത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ