Uncategorized

“നേതാക്കൾ കണ്ണ്തുറന്ന് ജനത്തെ നയിക്കണം”

വചനം

യെഹെസ്ക്കേൽ 22 : 26

അതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേറുതിരിക്കുന്നില്ല; മലിനവും നിർമ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.

നിരീക്ഷണം

യിസ്രായേലിൽ പുരോഹിതന്മാരെ അവരുടെ വിശേഷ വസ്ത്രം കൊണ്ട് അല്ലാതെ അവരുടെ പ്രവർത്തികളിൽ ഒരു വിത്യാസവും കാണുവാൻ കഴിയാത്ത നിലവാരത്തിൽ പുരോഹിതന്മാരുടെ ജീവതം എത്തിയ ഒരു ഘട്ടം വന്നു. കാരണം സർവ്വശക്തനായ ദൈവത്തിന്റെ നീതിയുള്ള കരങ്ങളിലേയ്ക്ക് നോക്കാതെ നേതാക്കന്മർ അവരുടെ കണ്ണുകൾ അടച്ചുകളഞ്ഞു, അതിനാൽ അവർ താഴ്ച അനുഭവിക്കുകയും യഹോവയായ ദൈവം അന്യജാതിക്കാരുടെ ഇടയിൽ അവർ നിമിത്തം പരിഹസിക്കപ്പെടുകയും ചെയ്തു.

പ്രായോഗികം

ആത്മീക നേതവായിരിക്കുന്ന ഒരു വ്യക്തി സ്വയം മലിനമാകരുതെന്ന് ഹൃദയത്തിൽ തീരുമാനമെടുക്കുന്നിടത്തോളം ആ വ്യക്തി ധാർമ്മീക വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയില്ല. ദാനിയേൽ പ്രവാചകനെക്കുറിച്ച് ദൈവ വചനത്തിൽ ഇപ്രകാരം പറയുന്നു, എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു, (ദാനിയേൽ 1:8). നമുക്ക് ചുറ്റുമുള്ള പാപത്തിലേയ്ക്കും അധഃപതനത്തിലേയ്ക്കും നമ്മുടെ കണ്ണുകൾ എത്തുവാൻ സാധ്യതകൾ ഉണ്ട് എന്നാൽ ഒരു ദൈവ പൈതലെന്ന നിലയിൽ അതിനെ അതിജീവിക്കുവാൻ നാം തയ്യാറാകണം. അങ്ങനെയെങ്കിൽ ദൈവ വചനം ഉപയോഗിച്ച് പാപത്തെക്കുറിച്ച് നാം മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തികൊടുക്കുമ്പോൾ പരാജയപ്പെടുകയില്ല. കാരണം ദൈവ വചനം നാം അനുസരിക്കുമ്പോൾ അതിലൂടെ വിശുദ്ധിയെ വളർത്തിക്കൊടുക്കുവാൻ സാധിക്കും . കൂടാതെ പാപത്തെ അപലപിക്കുവാനും നമ്മുടെ രക്ഷകന്റെ സത്യവചനത്തെ ഉയർത്തിപ്പിടിക്കുവാനും പരിശുദ്ധാത്മാവിന്റെ സഹായത്താേടെ ഇടയാകുക മാത്രമല്ല നമുക്ക് മറ്റുള്ളവർക്കൊരു സഹായമാകുവാനും ഇടയാകും. നേതാക്കളുടെ കണ്ണ് ദൈവത്തിങ്കലേയ്ക്ക് നോക്കികൊണ്ട് നമ്മുടെ പിന്നാലെ വരുന്ന വരെ ദൈവ വചനപ്രകാരം നയിക്കേണ്ടത് ആവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിലേയ്ക്ക് നോക്കി ജീവിക്കുവാനും എന്റെ പിന്നാലെ വരുന്നവരെ ദൈവ വചനപ്രകാരം നയിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ