“പരിശുദ്ധാത്മാവിനെ മറക്കരുത്”
വചനം
അപ്പോ. പ്രവൃത്തി 19 : 2
നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
നിരീക്ഷണം
അപ്പോസ്ഥലനായ പൌലൊസ് എഫെസൊസിൽ എത്തിയ ഉടനെ യേശുവിനെ അനുഗമിക്കുന്ന ചിലരോട് ക്രിസ്തുവിനെ സ്വീകരിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് ചോദിച്ചു. പരിശുദ്ധാത്മാവിനെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ല എന്ന് അവർ മറുപടി പറഞ്ഞു.
പ്രായോഗികം
കൃപയുടെ സുവിശേഷത്തിന്റെ മഹത്തായ പ്രഭാഷകനായിട്ടാണ് അപ്പോസ്ഥലനായ പൌലൊസിനെ അറിയപ്പെടുന്നത്. മത്രമല്ല, താൻ “പരിശുദ്ധാത്മാവിനാലുള്ള സ്നാനത്തിന്റെ” വലിയ പ്രചാരകനുംകൂടെ ആയിരുന്നു എന്ന് ഈ വചനത്തിലൂടെ വ്യക്തമാകുന്നു. പരിശുദ്ധാത്മാവിനാലുള്ള സ്നാനത്താലാണ് നമ്മിൽ രൂപാന്തരം നടക്കുന്നത് എന്നത് സത്യമാണ്. ഈ കാലഘട്ടത്തിൽ അനേകായിരങ്ങൾ കർത്താവിന്റെ സുവിശേഷം കേട്ട് യേശുവിന്റെ അടുക്കലേയക്ക് വരുന്നത് നമുക്ക് കാണുവാൻ കഴിയും എന്നാൽ അവരിൽ യഥാർത്ഥ ആത്മീയ പരിവർത്തനം നടക്കാതിരിക്കുന്നത് അവരുടെ പ്രവർത്തികൾ കൊണ്ട് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ആളുകൾ പേരിന് ക്രിസ്ത്യാനി ആകും പക്ഷേ അവരുടെ ജീവിതരീതികൾ അതേപടി തന്നെ തുടരുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്നത് അവർ പരിശുദ്ധാത്മാവിനാൽ നിറയപ്പെടാത്തതുകൊണ്ടാണ്. ഒരുവൻ പരിശിദ്ധാത്മാവിനാൽ നിറഞ്ഞാൽ അവന്റെ ജീവിതരീതികളിൽ ആകമാനം മാറ്റം സംഭവിക്കും. അങ്ങനെ സംഭവിക്കണമെങ്കിൽ, അവരെ പരിശുദ്ധാത്മാവിനാലുള്ള സ്നാനത്തെക്കുറിച്ചും, പരിശുദ്ധാത്മ-ദാനങ്ങളെക്കുറിച്ചും പഠിപ്പേണ്ടതുണ്ട്. യേശുക്രിസ്തുവിന്റെ കൃപയാൽ രക്ഷിക്കപ്പെടുന്നു, എന്നാൽ അവിടം കൊണ്ട് അവസാനിക്കുന്നില്ല പരിശുദ്ധാത്മാവിന്റെ ശക്തിയാലും നിറയണം, അത് നാം മറക്കരുത്. പരിശുദ്ധാത്മാവിന്റെ സ്നാനം ലഭിച്ചാൽ മാത്രമേ നമിക്ക് ജീവനുള്ള ദൈവശക്തിയായി മാറുവാൻ കഴിയുകയുള്ളൂ. അപ്പോൾ മാത്രമാണ് നമുക്ക് ദൈവം ഉദ്ദേശിക്കുന്ന രീതിയിൽ കർത്താവിന് വേണ്ടി പ്രയോജനപ്പെടുവാൻ കഴിയുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ കൃപയാൽ രക്ഷിക്കപ്പെടുവാനും പരിശുദ്ധാത്മാവിനാൽ നിറയുവാനും സഹായിച്ചതിന് നന്ദി. അങ്ങയുടെ ആത്മാവിന്റെ നിറവിൽ തന്നെ അന്ത്യത്തോളം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ