“പറയുന്നതുപോലെ പ്രവർത്തിക്കുക”
വചനം
യെഹെസ്ക്കേൽ 33 : 31
സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പിൽ ഇരുന്നു നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.
നിരീക്ഷണം
ഇവടെ യഹോവയായ ദൈവം തന്റെ സ്വന്ത ജനമായ യിസ്രായേലിന്റെ പ്രവർത്തിയെക്കുറിച്ച് ഒരു അവലോകനം നടത്തുന്നു. ദൈവം യെഹെസ്ക്കേൽ പ്രവാചകനോട് ഇപ്രകാരം പറഞ്ഞു, യിസ്രായേൽ ജനം യെഹെസ്ക്കേൽ പ്രവാചകൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും സ്നേഹത്തേക്കുറിച്ച് നന്നായി സംസാരിക്കുകയും ചെയ്യുന്നു എന്നാൽ അവരുടെ ഹൃദയം ദൈവത്തിൽ നിന്നും ദൈവ സ്നേഹത്തിൽ നിന്നും ബഹുദൂരം മാറി പോയിരിക്കുന്നു എന്ന്.
പ്രായോഗികം
ദൈവത്തിൽ നിന്ന് അകന്നുപോയ തന്റെ സ്വന്തം ജനത്തെക്കുറിച്ചാണ് ദൈവം ഇവിടെ എഴുതിയിരിക്കുന്നത്. ഹൃദയം കൊണ്ട് അവർ വഞ്ചകന്മാരും എന്നാൽ പ്രവാചകന്റെ പ്രവചന ശൈലി ഇഷ്ടപ്പെടുന്നവരുമായിരുന്നു യിസ്രായേൽ ജനം. പ്രവാചകന്റെ പ്രവചനം കേൾക്കുമ്പോൾ അവരുടെ പഴയകാലത്തെക്കുറിച്ച് അവർ ചിന്തിക്കുമായിരിക്കും എന്നാൽ അവരുടെ ഇപ്പോഴത്തെ പാപ വഴികൾ വിട്ടുമാറുവാനോ സർവ്വശക്തനായ ദൈവത്തെ പിൻതുടരുവാനോ അവർക്ക് ആഗ്രഹമില്ലാതെ പോകുന്നു. അവർ പറയുന്നതുപോലെ പ്രവർത്തിക്കാതെ മാറിപ്പോകുന്നു. ഈ വേദഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നത് നാം പറയുന്ന കാര്യം പ്രാവർത്തീകമാക്കുവാൻ നാം ഉൽസാഹം ഉള്ളവരായിരിക്കണം എന്നതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ഹൃദയത്തിലെ ധ്യാനവും വായിലെ വാക്കുകളും അങ്ങേയ്ക്ക് പ്രസാദകരമായിരിക്കട്ടെ. ഞാൻ പറയുന്നതുപോലെ പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ