Uncategorized

“യേശുക്രിസ്തു മനുഷ്യർക്കുവേണ്ടി എന്തു ചെയ്തു?”

വചനം

യോഹന്നാൻ 10 : 11

ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.

നിരീക്ഷണം

താൻ നല്ല ഇടയനാണെന്ന് ഈ വേദഭാഗത്തിൽ കർത്താവായ യേശുക്രിസ്തു അരുളിചെയ്തു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്നുവെന്നും താൻ പറഞ്ഞു. മരിക്കുന്നതിനുമുമ്പ് ആണ് യേശുക്രിസ്തു ഈ വചനം പറഞ്ഞത് ആകയാൽ തന്റെ കാൽവറിക്രൂശിലെ മരണത്താൽ താൻ നല്ല ഇടയനാണെന്ന് ലോകത്തിന് വെളിപ്പെടുത്തി.

പ്രായോഗികം

യേശുക്രിസ്തു കുറച്ചുപേർക്കുവേണ്ടി മാത്രം ജീവൻ അർപ്പിച്ചു എന്ന് അല്ല, ഈ ലോകത്തിലെ സകല ജനങ്ങൾക്കും വേണ്ടിയാണ് താൻ കാൽവറിക്രൂശിൽ തന്റെ ജീവൻ സമർപ്പിച്ചത്. അതു നിമിത്തം തീർച്ചയായും എല്ലാ ആടുകളും (ജനങ്ങളും) തന്നെ അനുഗമിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. ആകയാൽ തന്നെത്താൻ തെജിച്ച് തന്നെ അനുഗമിക്കുന്ന ആർക്കും യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണത്താലുള്ള നിത്യജീവൻ ഉറപ്പാണ്. ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത ഒരു യാഗമായിരുന്നു യേശുവിന്റെത്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെ തന്റെ നിത്യഭവനത്തിലേയ്ക്ക് ചേർക്കുവാൻ രണ്ടാമതും വരുന്നതുവരെ ഈ ലോകത്തിലുള്ള സകല മനുഷ്യർക്കും വേണ്ടിയുള്ള നിത്യയാഗമായിരുന്നു യേശുക്രിസ്തുവിന്റെ കാൽവറിക്രൂശിലെ മരണം. യേശുക്രിസ്തുവിന്റെ ത്യാഗമരണത്തെ ശപിക്കുകയല്ലാതെ ഒരിക്കലും അംഗീകരിക്കാത്തവർക്കു വേണ്ടിയും കൂടെയാണ് യേശു മരിച്ചത്. അവനിൽ വിശ്വസിക്കുന്ന ആടുകൾക്കും വിശ്വസിക്കാതെ മത്സരിക്കുന്നവർക്കും കൂടെ വേണ്ടിയാണ് യേശുക്രിസ്തുവിന്റെ കാൽവറിക്രൂശ് മരണം. യേശുക്രിസ്തുവിനെ വിശ്വസിച്ച് അനുഗമിക്കുന്നവർക്കും വിശ്വസിക്കാതെ അകന്നു നിൽക്കുന്നവർക്കും യേശു എന്തു ചെയ്തു എന്ന് ചോദിക്കുന്നവർക്കുവേണ്ടിയുള്ള ഉത്തരമാണ് യേശുവിന്റെ മരണം. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.”

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്തതിനായ് നന്ദി. തുടർന്നും അങ്ങയുടെ വചനപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ