Uncategorized

“യേശു നമ്മെ നിത്യമായി സ്നേഹിക്കുന്നു”

വചനം

യിരെമ്യാവ് 31 : 3

യഹോവ ദൂരത്തുനിന്നു എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തതു: നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.

നിരീക്ഷണം

യിസ്രായേൽ ജനം ബാബിലോണിൽ അടിമകളായി ജീവിക്കുന്ന സമയത്ത് യഹോവയായ ദൈവം ഇപ്രകാരം അരുളിചെയ്തു ഞാൻ യിസ്രായേൽ ജനത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല.

പ്രായോഗികം

നമ്മുടെ ജീവിതത്തിൽ ഏതൊക്കെ പ്രതികൂലങ്ങൾ നേരിട്ടാലും ദൈവത്തിന്റെ സ്നേഹത്തിന് മാറ്റം വരുകയില്ല. അങ്ങനെയെങ്കിൽ നാം ചോദിച്ചേക്കാം ദൈവം എന്നെ ഇത്രമേൽ സ്നേഹിക്കുന്നുവെങ്കിൽ ഞാൻ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് എന്നെ വിടുവിക്കാത്തത് എന്ത്? അതിനുത്തരം, സമയം ആകുമ്പോൾ ദൈവം അത് ചെയ്യുക തന്നെ ചെയ്യും എന്നതാണ്. യിസ്രായേൽ ജനം പലപ്പോഴും യഹോവയായ ദൈവത്തിൽ നിന്ന് പിന്മാറി അന്യ ദൈവങ്ങളെ സേവിക്കുകയും അവരുടെ പിന്നാലെ പോകുകയും ചെയ്തപ്പോഴും അവർ ദൈവത്തെ വിട്ട് അലഞ്ഞ് തിരിഞ്ഞപ്പോഴും യഹോവയായ ദൈവം അവരെ കൈവിടാതെ നിത്യസ്നേഹംകൊണ്ടു സ്നേഹിച്ചു മാത്രമല്ല ദൈവം തന്റെ ദയയെ അവർക്ക് ദീർഘമാക്കുകയും ചെയ്തു. നാം എന്തു ചെയ്താലും എത്ര ദൂരം ഓടിയാലും ദൈവം നമുക്കുവേണ്ടി കാത്തു നിൽക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുന്നു. ചിലപ്പോൾ മറ്റൊരാളുടെ പാപം നിമിത്തം ആയിരിക്കാം നാം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്,  പക്ഷേ യേശുക്രിസ്തു നമ്മെ ഒരിക്കലും മറക്കുകയില്ല. നാം എവിടെ ആയിരിക്കുന്നു എന്നും നമ്മുടെ മാനസീക അവസ്ഥ എന്ത് എന്നും യേശുവിന് നന്നായി അറിയാം. ദൈവത്തിന്റെ അചഞ്ചലമായ ദയ നിമിത്തം കാലക്രമേണ നമുക്ക് സഹായം ലഭിക്കും. യേശുക്രിസ്തു തന്നെ തന്റെ നിത്യ സ്നേഹത്താൽ നമ്മെ സ്നേഹിച്ചതുകൊണ്ട് ഓരോ ദിവസവും ആ ദൈവസ്നേഹത്തിൽ തന്നെ നിലനിൽക്കുക എന്നതാണ് നാം ചെയ്യേണ്ടത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നെ നിത്യ സ്നേഹം കൊണ്ട് സ്നേഹിച്ചതിന് നന്ദി. ആ സ്നേഹത്തിൽ ഞാൻ എന്നും നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ