“സംശയിക്കുന്നവർക്കായി കാത്തിരികുക!!!”
വചനം
യൂദാ 1 : 22
സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ;
നിരീക്ഷണം
നാം കുറച്ചുമാത്രം സംസാരിക്കപ്പെടുന്ന വിഷയമാണ് ഈ ചെറു പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. യൂദായുടെ പുസ്തകം വളരെ ചെറുതാണ്, ഇതിൽ ഒരു അധ്യായമേ ഉളളൂ ആകയാൽ അത് വായിക്കുന്നവർക്ക് അധ്യായം നോക്കേണ്ട ആവശ്യമില്ല. യൂദാ യാക്കോബിന്റെ സഹോദരനാണ് ഇവർ രണ്ടുപേരും യേശുവിന്റെ സഹോദരന്മാരും ആയിരുന്നു. ഇവരുടെ പിതാവായ യോസഫിന് അവരുടെ അമ്മ മറിയത്തെക്കാൾ പ്രായം കൂടുതൽ ഉണ്ടായിരുന്നു എന്നും യേശുവിന്റെ 12ാ മത്തെ വയസ്സിൽ താൻ ആലയത്തിലായിരുന്ന സംഭവത്തിനുശേഷം യോസഫ് മരിച്ചു എന്നും ചരിത്രകാരന്മാർ വിവരിക്കുന്നു. യേശു അവരുടെ സഹോദരനായിരുന്നു എങ്കിലും അവർ അവനെ ആരാധിക്കുക മാത്രമല്ല, അവനെ അനുഗമിക്കുകയും അവനെ ദൈവമായി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇവിടെ യൂദാ പറയുന്നത് എന്റെ സഹോദൻ ദൈവ പത്രനാണോ എന്ന് സംശയിക്കുന്നവർക്ക് കുറച്ച് സമയം കൊടുക്കുക അവരെ വിധിക്കുന്നതിനുപകരം അവരോട് കരുണ കാണിക്കുക കാരണം ഞങ്ങളും ആദ്യം സംശയിച്ചു എന്നാൽ ഇപ്പോൾ അവനെ അനുഗമിക്കുകയും ദൈവമായി അംഗീകരിക്കുകയും ചെയ്യുന്നു..
പ്രായോഗികം
യേശുവിന്റെ ശിശ്രൂഷാകാലത്ത് ഒരു മനുഷ്യൻ അവനോട് ഏറ്റവും വലിയ കൽപ്പന ഏതാണെന്ന് ചോദിച്ചതിന് യേശു അവനോട് ഉത്തരം പറഞ്ഞപ്പോൾ ആ മനുഷ്യൻ പറഞ്ഞു നീ പറഞ്ഞത് ശരിയാണ് അപ്പോൾ യേശു മറുപടി പറഞ്ഞത് നീ ദൈവരാജ്യത്തിൽ നിന്നും വളരെ അകലെ അല്ല. (മർക്കോസ് 12:30-34) എന്നാൽ ആ മനുഷ്യനെ യേശു അപ്പോൾ തന്നെ തന്റെ അനുയായി ആക്കുവാൻ ശ്രമിച്ചില്ല. കാരണം അതിന് സമയം എടുക്കും അത് യേശുവിന് അറിയാമായിരുന്നു. സംശയങ്ങൾ എപ്പോഴും ഉണ്ടാകാം. ഒരു തീവ്രവിശ്വാസിയുടെ ജീവിതത്തിൽപ്പോലും സംശയം നിഴലിടാറുണ്ട്. നമ്മുടെ ചിന്തക്ക് അനുസരിച്ച് ഒരു വ്യക്തി ആയി തീർന്നില്ലാ എന്ന് വച്ച് ആ വ്യക്തിയെ ഒരിക്കലും വിധിക്കുകയോ എഴുതിതള്ളുകയോ ചെയ്യുന്നതിനു പകരം യേശുവിന്റെ സഹോദരനായ യൂദാ പറഞ്ഞതുപോലെ സംശയിക്കുന്നവരുേട് കരുണകാണിച്ച് അവർക്ക് കുറച്ച് സമയം കൊടുക്കുവാൻ തയ്യാറാകുക. സമയമാകുമ്പോൾ അവരും അറിഞ്ഞ സത്യത്തിലേയ്ക്ക് ഉറപ്പായും എത്തിച്ചേരും.
പ്രാർത്ഥന
പ്രീയ യേശുവേ
സംശയിച്ചു നിൽക്കുന്നവരോടു കരുണ കാണിക്കുവാനും അവരെയും കൂടെ വിശ്വാസത്തിലേയ്ക്ക് നയിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ