Uncategorized

“സഭയെ പണിയുന്നവരാകുവീൻ”

വചനം

1 കൊരിന്ത്യർ 14 : 12

അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.

നിരീക്ഷണം

യേശുക്രിസ്തുവാണ് സഭയുടെ സ്ഥാപകൻ എന്നാൽ സഭയുടെ ശില്പി അപ്പോസ്തലനായ പൌലോസ് ആണെന്ന് നമുക്ക് മനസ്സിലാക്കാം. ഈ വചനത്തിൽ അപ്പോസ്തലനായ പൌലോസ് കൊരിന്തിലെ സഭയോട് അവരുടെ സഭകെട്ടിപ്പടുക്കുവാൻ ആത്മീക വരങ്ങളെ വാഞ്ഛിക്കുവാൻ ആവശ്യപ്പെടുന്നു.

പ്രായോഗികം

യേശുക്രിസ്തുവിനെ സ്നേഹിക്കുന്നവർ സഭയെ കെട്ടിപ്പടുക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ പൊളിച്ചുകളയുകയല്ല. ചിലരുടെ സാന്നിധ്യം കൊണ്ട് സഭയുടെ വളർച്ച മുരടിക്കുന്നത് കാണുവാൻ കഴിയും. എന്നാൽ നമുക്ക് സഭയെ വളർത്തണമെങ്കിൽ ആത്മീക കൃപാ വരങ്ങള്‍ ആവശ്യമാണ്. ഓരോ വിശ്വാസിയും സഭയുടെ വളർച്ചയ്ക്ക് മുൻ തൂക്കം കൊടുക്കുന്നവർ ആയിരിക്കണം. വിശ്വാസികള്‍ അവരുടെ സ്വന്തം ഭവനം പണിയുവാൻ എങ്ങനെ താല്പര്യപ്പെടുന്നുവോ അതിനേക്കാള്‍ കൂടുതൽ ഉത്സാഹത്തോടെ ദൈവ സഭ പണിയവാൻ ഇടയാകണം. അങ്ങനെ ചെയ്യണം എങ്കിൽ ആത്മീക വരങ്ങള്‍ ആവശ്യമാണ്. ആത്മീക വർദ്ധനയ്ക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ എന്ന് വിശ്വാസികളോട് അപ്പോസ്തലൻ ആവശ്യപ്പടുന്നു. അങ്ങനെ ആകുമ്പോള്‍ നമുക്ക് സഭ മറ്റൊരു വീടായി മാറും .

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാനും എന്റെ കുടുംബവും സഭയെ കെട്ടിപ്പടുക്കുന്നവരായിരിക്കുവാൻ കൃപ നൽകുമാറാകേണമേ. അതിനുള്ള ആത്മീക കൃപാ വരങ്ങളെ ഞങ്ങള്‍ക്ക് തന്ന് സഹായിക്കേണമേ. ആമേൻ