“സ്ഥിരതയോടെ പുറത്തുവരുത്തും”
വചനം
സങ്കീർത്തനം 40 : 2
നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.
നിരീക്ഷണം
ദാവീദ് രാജാവ് തന്റെ പാപങ്ങളിൽ നിന്നും അതുമൂലം ഉണ്ടായ ലജ്ജയിൽ നിന്നും എങ്ങനെ പുറത്തുവന്നു എന്ന് ഈ വചനത്തിലുടെ വ്യക്തമാക്കുന്നു. വൃത്തിഹീനമായ ഒരു ചെളിക്കുഴിയിൽ അകപ്പെട്ടതു പോലെയാണ് താൻ പാപത്തിൽ ആയിരുന്ന അവസ്ഥയെക്കുറിച്ച് ദാവീദ് രാജാവ് ഇവിടെ വ്യക്തമാക്കുന്നത്. ആ അവസ്ഥയിൽ നിന്ന് യേശുക്രിസ്തു തന്നെ ഉയർത്തിയെന്നും യേശു ആകുന്ന പാറമേൽ കാലുകളെ ഉറപ്പിച്ചു എന്നും അതിലൂടെ തന്റെ ജീവിതത്തിന് ഒരു സ്ഥിരത നൽകിയെന്നും ദാവീദ് രാജാവ് ഇവിടെ വിവരിക്കുന്നു.
പ്രായോഗികം
സ്വന്തം തീരഞ്ഞെടുപ്പുമൂലം ആകെ ദുരിതത്തിലായ ഒരു അവസ്ഥ നിങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ. എല്ലാ വ്യക്തികള്‍ക്കും അങ്ങനെ ഒരു സാഹചര്യം ജീവത്തിൽ ഉണ്ടാകുവാൻ ഇടയുണ്ട്. ആ സമയത്ത് നാം ആരിലേയ്ക്കാണ് നമ്മുടെ നോട്ടം പതിപ്പിക്കുന്നത് എന്നത് ഏറ്റവും പ്രധാനപ്പെട്ട് ഒരു കാര്യം ആണ്. പലപ്പോഴും നാം നാശത്തിൽ അകപ്പെടുവാൻ കാരണം തന്നെ തെറ്റായ ഉപദേശം കൈക്കൊണ്ടതാണ്. എന്നാൽ നമുക്ക് സ്വയമായി പാപത്തിന്റെ കുഴഞ്ഞ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുവാൻ കഴിയുകയില്ല, ആ സമയത്ത് നാം യേശുക്രിസ്തുവിങ്കലേയ്ക്കാണ് നോക്കേണ്ടത്. യേശു തിരികെ നമ്മെ തന്റെ അടുക്കലേയ്ക്ക് ചേർക്കില്ലെന്ന് ഒരിക്കലും കരുതരുത്. യേശുക്രിസ്തു നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. നിങ്ങള്‍ തല ഉയർത്തി നേക്കിയാൽ അവന്റെ കരം നിങ്ങളിലേയ്ക്ക് നീളുന്നത് നിങ്ങള്‍ക്ക് കാണുവാൻ കഴിയും. നിങ്ങള്‍ കരം നീട്ടി അവനെ പിടിച്ചാൽ നിങ്ങളെ സ്ഥിരതയോടെ പുറത്തുകൊണ്ടുവന്ന് ഉറപ്പുള്ള പാറമേൽ നിർത്തും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ പലതവണ അങ്ങയെവിട്ട് പാപത്തിന്റെ ചെളിക്കുഴിയിൽ വീണുപോയിട്ടുണ്ട്. അങ്ങയിലേയ്ക്ക് നോക്കുവാൻ പോലും പലപ്പോഴും ഞാൻ ലജ്ജിച്ചിട്ടുണ്ട്. എന്നാൽ അങ്ങ് എന്നെ ആ പാപ കുഴിയിൽ നിന്ന് വലിച്ചെടുത്ത് ഉറപ്പോടെ നിർത്തിയിരിക്കുന്നതിന് നന്ദി. എന്റെ ജീവകാലം അങ്ങയുടെ സന്നിധിയിൽ ഉറപ്പോടെ നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ