“വചനം നല്ലതു പ്രവർത്തിപ്പാൻ ഒരുക്കുന്നു”
വചനം
2 തിമൊഥെയോസ് 3 : 16-17
എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു, ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.
നിരീക്ഷണം
ദൈവ വചനം എന്തിനുവേണ്ടിയാണ് എഴുതിയത് എന്ന് അപ്പോസ്തലനായ പൗലോസ് തിമൊഥെയോസിനോട് പറയുന്ന വേദ ഭാഗമാണിത്. ഈ അധ്യായത്തിന്റെ അവസാന ഭാഗത്ത് എഴുതിയിരിക്കുന്നത് യേശുവിനെ അനുഗമിക്കുന്ന തന്റെ ജനങ്ങളെ നന്മചെയ്യുവാൻ സഹായിക്കുവാനും നേരായി ജീവിക്കുവാൻ അവരെ സജ്ജരാക്കുവാനുമുള്ള ദൈവത്തിന്റെ ഉപകരണമാണ് ദൈവ വചനം.
പ്രായോഗികം
ദൈവത്തോട് അടുത്തു വന്നതിനുശേഷം അതുവരെ ജീവിച്ചതുപോലെ നമുക്ക് ഒരിക്കലും ജീവിക്കുവാൻ കഴിയുകയില്ല. ആകയാൽ എങ്ങനെ തുടർന്ന് ജീവിക്കണമെന്ന് പഠിപ്പിക്കുവാനും നമ്മുടെ ചിന്തകളെ ദൈവീകമായി വികസിപ്പിക്കുവാനും ആ നിലയിൽ നമ്മെ ഉയർത്തുവാനും ദൈവവചനത്തിനുമാത്രമേ കഴിയൂ. അല്ലെങ്കിൽ നമ്മുടെ മനസ്സ് പഴയ ചിന്തകളിലേയ്ക്കും പ്രവർത്തിയിലേയ്ക്കും കടന്നുപോകും. അത് ദൈവത്തിൽ നിന്ന് നമ്മെ അകറ്റുവാൻ ഇടയാക്കും. നമ്മുടെ പഴയ ജീവിതത്തിലേയക്ക് തിരിയാതിരിക്കേണ്ടതിന് ഇനി നാം ചെയ്യേണ്ടത് ദൈവവചനത്തിൽ അനുദിനം വളരുക എന്നതാണ്. ദൈവവചനം, ദൈവ ജനത്തെ എല്ലാ നല്ല പ്രവൃത്തികൾക്കും സജ്ജരാക്കുമെന്ന് അപ്പോസ്തലനായ പൗലോസ് പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നു. അങ്ങനെ ആയിതിരണമെങ്കിൽ എല്ലാ ദിനസവും ദൈവ വചനത്തിലേയ്ക്ക് തിരിയുവാൻ നാം തയ്യാറാകണം. നമ്മെ നല്ലതു പ്രവർത്തിപ്പാൻ തയ്യാറാക്കുകയാണ് ദൈവവചനത്തിലൂടെ ദൈവം ചെയ്യുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
ദൈവവചനം പഠിച്ച് നിശ്ചയം പ്രാപിച്ച് അതിൽ വളരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ