Uncategorized

“ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്തത്”

വചനം

എബ്രായർ  10 : 23

പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ.

നിരീക്ഷണം

എബ്രായ ലേഖന എഴുത്തുകാരൻ എല്ലാ വിശ്വാസികളെയും ഓർമ്മിപ്പിക്കുന്നത് ഈ ലോകത്തിലേയക്ക് നമ്മെ വശീകരിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അവയെ ഉപോക്ഷിക്കുവാൻ തയ്യാറാകുകയും, യേശുവിനെ ലജ്ജകൂടാതെ കൂടുതൽ മുറുകെ പിടിക്കുകയും വേണം. കാരണം യേശുക്രിസ്തു നമുക്ക് ഒരു നിത്യത വാഗ്ദത്തം ചെയ്തിട്ടുണ്ട് അത് കൃത്യമായി നിറവേറ്റുക തന്നെ ചെയ്യും എന്ന ഉറപ്പാണ് ഇവിടെ ലഭിക്കുന്നത്.

പ്രായോഗികം

സ്വാതന്ത്ര്യവും പണത്തിന്റെ ലഭ്യതയുള്ളവരും താരതമ്യേന സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കുന്നവരുമായ വിശ്വാസികൾ ഈ ഓർമ്മപ്പെടുത്തൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ അന്ത്യകാലത്ത് പലതും നൽഷകി ജനങ്ങളെ പ്രലോഭിപ്പിക്കുന്നുണ്ടെന്നത് സത്യമാണ്. അതിന് വഴങ്ങാതെ വിശ്വാസികൾ തങ്ങളെ തന്നെ സൂക്ഷിക്കണമെന്ന് എഴുത്തുകാരൻ ഇവിടെ പ്രബോധിപ്പിക്കുന്നു. ഇന്ന് നമുക്ക് ചുറ്റും പ്രലോഭനങ്ങളാൽ ജനത്തെ വശീകരിക്കുവാൻ പലതും ഈ ലോകത്ത് പ്രബലമാകുന്നത് കാണുവാൻ കഴിയും. ഈ ലേഖനത്തിൽ പറയുന്നത് പ്രത്യാശയുടെ സ്വീകാര്യം നാം മുറുകെ പിടിക്കേണം എന്നാണ്. ശരിക്കും പറഞ്ഞാൽ നിങ്ങളുടെ അതിവിശുദ്ധവിശ്വാസം ഒരിക്കലും ഉപേക്ഷിക്കരുത് എന്നു തന്നെയാണ്. യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർ വിശ്വസിക്കുന്നത് യേശുവാണ് വഴിയും , സത്യവും, ജീവനും (യോഹ. 14.6) എന്നാണ്. നാം വിശ്വസിച്ചിറങ്ങിയപ്പോൾ യേശു പറഞ്ഞു ഈ ലോകത്തിൽ ഞാൻ എല്ലാ നാളും നിങ്ങളോടുകൂടെ ഇരിക്കും എന്നും വരുവാനുള്ളലോകത്തിലും എന്നോടൊപ്പം വസിക്കാം എന്നും ഉള്ള വാഗ്ദത്തമാണ് നൽകിയിട്ടുണ്ട്. ഈ ലോകത്ത് താൻ പറഞ്ഞകാര്യങ്ങൾ നിറവേറ്റി നൽകുന്നുവെങ്കിൽ ആ വാഗ്ദത്തവും കൃത്യമായി നിറവേറ്റും എന്ന് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു.” വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ” ആകയാൽ ആ വാഗ്ദത്തത്തിൽ ഉറച്ചു നിൽപ്പാൻ നമുക്ക് തയ്യാറാകാം.

പ്രാർത്ഥന

പ്രീയ യേശുവേ

അങ്ങ് വാഗ്ദത്തം നിവർത്തിക്കുന്ന ദൈവമെന്ന് എന്റെ ജീവിതത്തിൽ വ്യക്തമാക്കിതന്നതിന് നന്ദി. തുടർന്നും അങ്ങ് വാഗ്ദത്തത്തിൽ വിശ്വസ്തനെന്ന് ഞാൻ അറിയുന്നു. അതിൽ ഉറച്ചു നിൽക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിന് എന്നെ സഹായിക്കേുമാറാകേണമേ. ആമേൻ