Uncategorized

“ദൈവം ക്ഷമിക്കുവാൻ ആഗ്രഹിക്കുന്നു”

വചനം

2 ദിനവൃത്താന്തം  33 : 13

അവൻ അവന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.

നിരീക്ഷണം

യഹൂദയിലെ ദുഷ്ടനായ മനശ്ശെ എന്ന രാജാവിനെയാണ് ഈ അധ്യായത്തിൽ നാം കാണുന്നത്. ഒരു മനുഷ്യന് സങ്കൽപ്പിക്കുവാൻ കഴിയുന്നതിനും അപ്പുറമുള്ള എല്ലാ നീച പ്രവർത്തിയും തിന്മയും ഈ മനുഷ്യൻ ചെയ്തു. അവൻ തന്റെ മക്കളിൽ ചിലരെ അന്യദേവന് വേണ്ടി അഗ്നിയിൽ ബലി അർപ്പിച്ചു. എന്നാൽ യഹാവയായ ദൈവം അശ്ശൂർ രാജാവിന്റെ സേനാധിപതിമാരെ അവന്റെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോകുവാൻ ദൈവം അനുവദിച്ചു. എന്നാൽ മേൽപ്പറഞ്ഞ വാക്യം വായിക്കുമ്പോൾ ആ കഷ്ടതയുടെ ആഴത്തിൽ അവൻ യഹോവയായ ദൈവത്തോട് പ്രാർത്ഥിച്ചു. ആ പ്രാർത്ഥന യഹോവയുടെ ഹൃദയത്തെ ചലിപ്പിക്കുകയും അവന്റെ യാചന ദൈവം കേൾക്കുകയും അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിലേയ്ക്ക് തിരിച്ചു വരുത്തുകയും ചെയ്തു അപ്പോൾ മനശ്ശെ ഒരു ദൈവഭക്തനായ രാജാവായി മാറിയത് നമുക്ക് കാണാം.

പ്രായോഗികം

ഇന്ന് നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ദൈവം ക്ഷമിക്കുകയില്ല എന്ന് ചിന്തിച്ച് ഭാരപ്പെടുന്ന എന്തെങ്കിലും പാപം ഉണ്ടെങ്കിൽ മനശ്ശെ പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിച്ച് ദൈവത്തിങ്കലേയ്ക്ക് അടുത്തുവന്നാൽ തീർച്ചായും ദൈവം ക്ഷമിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആരെങ്കിലും ഒരിക്കലും ദൈവത്തോട് അടുത്തുവരാതെ പാപം ചെയ്ത് ദൈവത്തിൽ നിന്ന് അകന്നുപോയങ്കിൽ അവർക്കുവേണ്ടിയും പ്രാർത്ഥിക്കുക ദൈവത്തിന് അവരെയും മടക്കിവരുത്തുവാൻ കഴിയും. സകല ക്രൂരതയും ചെയ്ത് സ്വന്തം മക്കളെ അന്യദൈവത്തിന് ബലി അർപ്പിച്ചവനോട് ദൈവം ക്ഷമിച്ചെങ്കിൽ ഇന്ന് പാപിയായി ജീവിക്കുന്ന ആരെയും ദൈവം രക്ഷിപ്പാൻ ശക്തനാണ്. ഈ ദൈവത്തിെ മുറുകെപ്പിടിച്ച്പ്രാർത്ഥിച്ചാൽ നിശ്ചയമായും ഏതു പാപിയെയെും മാനസാന്തരത്തിലേയ്ക്ക് നയിക്കുവൻ നമ്മുടെ ദൈവത്തിന് കഴിയും ഉറപ്പോടെ വിശ്വസിക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ കൃപയ്ക്കായും കരുണയ്ക്കായും വളരെ നന്ദി പറയുന്നു. പലതവണ പാപം ചെയ്ത് ഞാൻ അങ്ങയിൽ നിന്ന് അകന്നു പോയിട്ടുണ്ട് എന്നാൽ അപ്പോഴെല്ലാം എന്റെ അടുക്കൽ വന്ന് എന്നെ രക്ഷിച്ചതിന് നന്ദി. ഇനിയെന്നും അങ്ങയോട് ചേർന്ന് ജീവിപ്പാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ