“നിങ്ങൾ തോൽക്കുകയില്ല”
വചനം
യിരെമ്യാവ് 1 : 19
അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
നിരീക്ഷണം
യിരെമ്യാവിനെ തന്റെ കൗമാരപ്രായത്തിൽ തന്നെ ദൈവം യിസ്രായേലിന്റെ പ്രവാചകനായി വിളിച്ചു. ദൈവം തന്നെ വിളിക്കുമ്പോൾ താൻ വളരെ ചെറുപ്പമായിരുന്നു. എന്നാൽ ഈ ഒന്നാം അദ്ധ്യായം മുഴുവൻ വായിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് ദൈവം യിരെമ്യാവിനെ തന്റെ ശിശ്രൂഷയ്ക്കായി വിളിക്കുകയും, ഉറപ്പിക്കുകയും, ധൈര്യപ്പെടുത്തുകയും, ഭയപ്പെടേണ്ടതില്ലാ എന്ന് തന്നെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്. ഒന്നാം അധ്യായത്തിന്റെ അവസാന വാക്യത്തിൽ ദൈവം പറയുന്നു നീ തോൽക്കുകയില്ല!
പ്രായോഗികം
ദൈവം നമ്മുടെ മേൽ കൈവച്ച് ഒരു ശിശ്രൂഷ നൽകിയാൽ നമുക്ക് തോൽവി ഉണ്ടാകുകയില്ല. എങ്ങനെയാണ് ദൈവം നമ്മുടെ മേൽ കൈവയ്ക്കുന്നത്? എന്ന ചോദ്യത്തിന് ഉത്തരം, നിങ്ങൾ യേശുവിനെ അനുഗമിക്കുവാൻ തയ്യാറാകുന്ന സമയത്തു തന്നെ നിങ്ങളുടെ മേൽ ദൈവത്തിന്റെ കൈവയ്പ്പ് നടന്നു കഴിഞ്ഞു. നിങ്ങൾ ജീവിക്കുന്നത് യേശുവിന്റെ വചനപ്രകാരം ആണെങ്കിൽ ദൈവത്തിന്റെ സംരക്ഷണവും അധികാരവും നിങ്ങൾക്ക് നൽകപ്പെട്ടു കഴിഞ്ഞു. ചിലപ്പോൾ ദൈവം നമ്മോടുകൂടെ ഇല്ലാ എന്ന് തോന്നുന്ന സന്ദർഭങ്ങൾ ഉണ്ടാകാം. ചിലപ്പോൾ നമ്മുടെ ജീവിത്തിൽ ഒന്നും സംഭവിക്കാതിരിക്കാം. ചില സമയങ്ങൾക്കുള്ളിൽ തന്നെ ദൈവം നമ്മോട് കൂടെയുണ്ടെന്ന് കാണിക്കുന്ന ചില സംഭവങ്ങൾ നമ്മുടെ ജീവിത്തിൽ ഉണ്ടാകും. ഒരിക്കൽപ്പോലും ദൈവം നമ്മെ പരാജയത്തിന് ഏൽപ്പിച്ചുകൊടുക്കുകയില്ല. നമ്മുടെ നല്ല ദിവസങ്ങളിലും, മോശമായ ദിവസങ്ങളിലും, ദുഃഖവും സന്തോഷവും നിറഞ്ഞ ദിവസങ്ങളിലും, ദൈവം എപ്പോഴും നമ്മോടുകൂടെയുണ്ട്. യേശുക്രിസ്തുവിന് എപ്പോഴും നന്ദി പറയണമെന്ന് പൌലോസ് അപ്പോസ്തലൻ പറഞ്ഞിരിക്കുന്നു, “ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം” (2 കൊരിന്ത്യർ 2:14). യേശുവിനെ അനുഗമിക്കുന്ന സകലരോടും പറയുവാനുള്ളത് നിങ്ങൾ തോൽക്കുകയില്ല എന്നു തന്നെയാണ്!!!
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ അനുസരിക്കുവാൻ തയ്യാറായപ്പോൾ തന്നെ അങ്ങയുടെ കൈ എന്റമേൽ വന്നതുകൊണ്ട് ഞാൻ ഇതുവരെയും തോൽക്കാതെ ജീവിക്കുവാൻ ഇടയായി. തുടർന്നും അങ്ങനെ തന്നെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ