Uncategorized

“സഹോദരന്റെ നാശത്തിൽ സന്തോഷിക്കരുത്”

വചനം

ഓബദ്യാവ്  1 : 12

നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.

നിരീക്ഷണം

ഈ വചനം നെബുഖദ്നേസറിന്റെ കാലത്ത് യഹൂദയെ ആക്രമിച്ച് നശിപ്പിക്കപ്പെടുന്ന സാഹചര്യത്തിന്റെ ചരിത്രമാണ്. യഹൂദയും യിസ്രായേൽ മുഴുവൻ നാശത്തിലേയക്ക് പോയപ്പോൾ ഏദോമ്യർ (ഇന്നത്തെ യോർദ്ദാനും ഏശാവിന്റെ സന്തതികളും) നോക്കിനിൽക്കുകയും അവരെ കളിയാക്കുകയും മാത്രമല്ല തങ്ങളുടെ സഹോദരങ്ങളായവരെ അവരുടെ കഷ്ടകാലത്ത് കൊള്ളയടിക്കുകയും ചെയ്തു. അപ്പോൾ യഹോവയായ ദൈവം പറഞ്ഞു നിങ്ങൾ അങ്ങനെ ചെയ്യുവാൻ പാടില്ലായിരുന്നു. ഇതേ അദ്ധ്യായത്തിന്റെ 15-ാം വാക്യത്തിൽ പ്രവാചകൻ ഇപ്രകാരം പറയുന്നു “സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതു പോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.”

പ്രായോഗികം

യിസ്രായലും യോർദ്ദാൻ നിവാസികളും ജന്മനാ സഹോദരങ്ങളാണ്. അവർ ഇരുവരും വിത്യസ്ത ദൈവങ്ങളെ ആരാധിച്ചിരുന്നു. ആയിരകണക്കിന് വർഷങ്ങൾക്കു മുമ്പ് അവർ ഒരേ പിതാവായ യിസഹാക്കിന്റെ മക്കളാണ്. അവർ ഇരട്ടസഹോദരങ്ങൾ എന്ന് മാത്രമല്ല അവർ തമ്മിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയും ഇരുന്നു. ഇവിടെ യിസ്രായേലിന് തന്റെ സഹോദരന്മാരുടെ സഹായം ആവശ്യമായി വന്നപ്പോൾ ഏദോമ്യർ അവന്റെ സഹോദരന്റെ നാശത്തിൽ ചിരിച്ചു. ശലോമോൻ (സദൃ. 3:27) ൽ ഇപ്രകാരം പറയുന്നു, “നന്മ ചെയ്‍വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ സഹോദരനോ പരിചയക്കാരനോ പ്രശ്നങ്ങളിൽ കൂടി കടന്നുപോകുമ്പോൾ അവരെ സഹായിക്കുവാൻ നാം  തയ്യാറാകണം. അത് ചെയ്യുവാൻ നാം ദൈവത്താൽ കൽപ്പിക്കപ്പെട്ടിരിക്കുന്നു. നേരെമറിച്ച് നാമും അവരെ സഹായിക്കുവാൻ കഴിയാത്ത സാഹചര്യങ്ങളിൽ ആണെങ്കിൽ നമുക്ക് അവർക്ക്വേണ്ടി പ്രാർത്ഥിക്കുവാനും ദൈവമുമ്പാകെ കരയുവാനും ഇടയാകണം. അപ്പോൾ ദൈവപ്രവർത്തി വെളിപ്പെടും അല്ലാതെ ഒരിക്കലും സഹോദരന്റെ നാശത്തിൽ സന്തോഷിക്കുവാനോ ആഹ്ലാദിക്കുവാനോ പാടില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

സഹോദരന്റെ കഷ്ടത്തിൽ അവരെനോക്കി സന്തോഷിക്കാതെ അവരെ സഹായിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും കൃപ നൽകുമാറാകേണമേ. ആമേൻ.