“യേശുവും മനുഷ്യനും തമ്മിലുള്ള വലിയ വ്യത്യാസം”
വചനം
അപ്പോ. പ്രവൃത്തി 13 : 36-37
ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല.
നിരീക്ഷണം
യിസ്രായേലിന്റെ രാജാവെന്ന നിലയിൽ ദാവീദ് തന്റെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയതിനുശേഷം സകല മനുഷ്യരെയും പോലെ താൻ മരിക്കുകയും അവന്റെ ശരീരം ഈ മണ്ണിൽ അടക്കുകയും അത് ജീർണ്ണിക്കുകയും ചെയ്തു. എന്നാൽ ദാവീദിന്റെ സന്തതിയായ യേശുക്രിസ്തു കാൽവരി ക്രൂശിൽ മരിക്കുകയും അടക്കം ചെയ്യുകയും ചെയ്തു എങ്കിലും ആ ശരീരം ജീർണ്ണിക്കുന്നതിനുമുമ്പ് പിതാവായ ദൈവം അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർപ്പിച്ചു. അതിനെയാണ് മനുഷ്യരും ദൈവവും തമ്മിലുള്ള “വലിയ വ്യത്യാസം” എന്ന് നമുക്ക് പറയുവാൻ കഴിയുന്നത്.
പ്രായോഗികം
നാം ഓരോരുത്തരും നല്ലതോ തീയതോ ആയ ഏതെങ്കിലും തരത്തിലുള്ള ഒരു പാരമ്പര്യത്തിൽ നിന്നാണ് വരുന്നത്. നാം ഏതുതരം പശ്ചാത്തലത്തിൽ നിന്ന് വന്നാലും, നമ്മുടെ മക്കൾക്ക് യോഗ്യമായ ഒരു പൈതൃകം കൈമാറാനുള്ള ആഗ്രഹവും ആവേശവും നമുക്ക് ഉണ്ട്. ദാവീദ് രാജാവ് അത് ചെയ്തു, അതെ, അവൻ പാപം ചെയ്യുകയും അതുമുലം അവന്റെ കുടുംബത്തിന് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ദൈവം ദാവീദിനെ തന്റെ സ്വന്തം ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്ന് അടുത്ത് അറിഞ്ഞതായി നാം വായിക്കുന്നു. ദാവീദ് രാജാവിന്റെ വംശാവലിയിൽ നിന്നാണ് യേശുക്രിസ്തു ഈ ഭൂമിയിൽ വന്നത്. എന്നാൽ, ദാവീദും യേശുവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നതായി നാം വചനത്തിൽ വായിക്കുന്നു. പാപികളുടെ പാപം ക്ഷമിക്കുവാൻ ദാവീദിന് കഴിഞ്ഞില്ല. എന്നാൽ യേശു അതു ചെയ്തു. അന്ധരുടെ കണ്ണുകളെ തുറക്കുവാനോ, ബധിരരുടെ ചെവികളെ സുഖപ്പെടുത്തുവാനോ, മുടന്തരെ നടക്കമാറാക്കുവാനോ ദാവീദിന് കഴിഞ്ഞില്ല. എന്നാൽ ഇതെല്ലാം നമ്മുടെ കർത്താവായ യേശുക്രിസ്തു ചെയ്തു. തകർന്ന ബന്ധങ്ങളെ ശരിയാക്കുവാൻ ദാവീദിന് കഴിഞ്ഞില്ല, മാത്രമല്ല ചില ബന്ധങ്ങളെ തകർക്കുകയും ചെയ്തു. എന്നാൽ തകർന്ന ഹൃദയങ്ങളെയും ബന്ധങ്ങളെയും നന്നാക്കുവാനാണ് യേശുക്രിസ്തു ഈ ഭൂമിയിലേയ്ക്ക് വന്നത്. ദാവീദ് രാജാവ് തന്റെ ശവക്കുഴികൊണ്ട് അവസാനിച്ചപ്പോൾ യേശു തന്റെ ശവക്കുഴിയിലല്ല, അവിടുന്ന് ഉയത്തെഴുന്നേറ്റ് പിതാവിന്റെ വലത്തുഭാഗത്ത് ഇന്നും ജീവിക്കുന്നു. അവിടെയാണ് നമുക്ക് ആ “വലീയ വ്യത്യാസം” കാണുവാൻ കഴിയുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ഉയർപ്പിനാൽ എനിക്ക് മരണത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പും നിത്യജീവനും നൽകിയതിനാൽ നന്ദി. ആമേൻ