“നേട്ടം ഉണ്ടാക്കേണ്ടത് എങ്ങനെ?”
വചനം
ലേവ്യാപുസ്തകം 25 : 17
ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
നിരീക്ഷണം
യോബേൽസംവത്സരത്തിൽ നിങ്ങൾ എങ്ങനെയായിരിക്കണം നിങ്ങളുടെ സഹോദരനോട് ഇടപേടേണ്ടതെന്ന് വിവരിക്കുന്ന വേദഭാഗം ആണിത്. മറ്റൊരാളുടെ അറിവില്ലായ്മയോ ആവശ്യകതയോ കാരണം അയാളെ മുതലെടുക്കുന്നത് ഒഴിവാക്കണമെന്നും അങ്ങനെ ചെയ്താൽ ദൈവത്തിൽ നിന്നുള്ള പ്രതികാരം ഉണ്ടാകുമെന്നും ഈ വചനം നമ്മെ പഠിപ്പിക്കുന്നു. ആകയാൽ ദൈവത്തെ ഭയപ്പെടണമെന്നും ദൈവ വചനപ്രകാരം ജീവിക്കണം എന്നും ജനങ്ങളോട് ആവശ്യപെട്ടു.
പ്രായോഗീകം
ഇത് യോബേൽസംവത്സരത്തിനായി പ്രത്യേകം നൽകിയ നിയമം ആണ്. എന്നാൽ എല്ലായിപ്പോഴും നമ്മോടുള്ള ദൈവത്തിന്റെ അരുളപ്പാട് ഇതു തന്നെയാണ്. ഒരാൾ മറ്റൊരാളെ ചൂഷണം ചെയ്യുമ്പോൾ അവരിൽ നിന്ന് ലഭിക്കുന്നത് നമ്മുടെ നേട്ടമാണെന്ന് ചിന്തിക്കുന്നവരെ ചുറ്റം കാണുവാൻ കഴിയും. ദൈവത്തിന്റെ ശക്തിയിലും കരുതലിലും ആശ്രയിക്കുന്നതിനു പകരം, മറ്റുള്ളവരുടെ ബലഹീനതകളെ ആശ്രയിച്ചാണ് അവർ മുന്നേറാൻ ശ്രമിക്കുന്നത്. നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ യോബേൽസംവത്സരം എന്നും ഉണ്ടായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കടത്തിൽ നിന്നും, രോഗത്തിൽ നിന്നും, നാം വഹിക്കുന്ന എണ്ണമറ്റ ഭാരത്തിൽ നിന്നും നമ്മെ വിടുവിക്കുവാൻ ദൈവത്തിനു കഴിയും. മാത്രമല്ല നമ്മുടെ പാപങ്ങളെ ക്ഷമിക്കുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. പാപ ക്ഷമയ്ക്കായി നാം ഒരു ചിലവും ചെയ്യാതെ തന്നെയാണ് ദൈവം നമ്മോട് ക്ഷമിക്കുന്നത്. അതിലൂടെ ദൈവവുമായ നമ്മുടെ തകർന്ന ബന്ധത്തെ ദൈവം പിന്നെയും പുനഃസ്ഥാപിക്കുന്നു. മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിലൂടെ ലഭിക്കുന്നതിനേക്കാൾ എത്രയോ വലുതാണ് ദൈവം നൽകുന്ന നേട്ടങ്ങൾ. ആകയാൽ നമുക്ക് ഒരു നിമിഷം നമ്മെ തന്നെ ശോധന ചെയ്യാം, “ഞാൻ എങ്ങനെയാണ് നേട്ടമുണ്ടാക്കുന്നത്?” എന്ന് ചിന്തിക്കാം. ദൈവം നൽകുന്ന നേട്ടങ്ങൾ മാത്രം മതിയെന്ന് നമുക്ക് തീരുമാനമെടുക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ
മറ്റുള്ളവരെ ചൂഷണം ചെയ്യാതെ ദൈവത്തിൽ നിന്നുള്ള നേട്ടത്തിനായി കാത്തിരിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ