“ഇതിനെക്കുറിച്ച് ചിന്തിക്കുക”
വചനം
“വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കുകഴിയും?”
നിരീക്ഷണം
ഗിരിപ്രഭാഷണങ്ങളിൽ വളരെ ആധികാരീകമായി കർത്താവായ യേശുക്രിസ്തു ജനത്തോട് സംസാരിച്ച ഒരു വിഷയമാണ് ഈ വചനത്തിൽ കാണുവാൻ കഴിയുന്നത്. തന്നെ അനുഗമിക്കുന്നവർ ഒന്നിനെക്കുറിച്ചും ആകുലപ്പെടരുതെന്ന് യേശു ആഗ്രഹിക്കുന്നു. കാരണം യേശുവിനെ അനുഗമിക്കുന്നവർ അവനിൽ പൂർണ്ണമായി ആശ്രയിക്കേണം അതിൽക്കൂടി യേശുക്രിസ്തു ഒരുക്കിയിരിക്കുന്ന ഏറ്റവും നല്ലത് ലഭിക്കുവാൻ ജീവിത്തിൽ ഇടയായിതീരും. വളരെ ഗഹനമായ ഒരു ചേദ്യമാണ് ഇവിടെ യേശു ചോദിക്കുന്നത് “നിങ്ങളിൽ ആരെങ്കിലും വിചാരപ്പെടുന്നതുകൊണ്ട് നിങ്ങളുടെ നീളത്തോട് ഒരുമുഴം കൂട്ടാൻ കഴിയുമോ?” നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ പ്രസ്തുത ചോദ്യത്തിനു വളരെയേറെ പ്രസക്തിയുണ്ട്.
പ്രായോഗികം
യേശുവിന്റെ പഠിപ്പിക്കലുകള്‍ ശാന്തവും ലളിതവുമായ ന്യായവാദങ്ങള്‍ ഉള്‍ക്കൊളളുന്നവയായിരുന്നു. നാം അവന്റെ വാക്കുകള്‍ കേള്‍ക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും അതിൽ ജീവിക്കുകയും വേണമെന്ന് യേശു ആഗ്രഹിക്കുന്നു. പരീശന്മാർക്കെതിരെ യേശിക്രിസ്തു ഉപയോഗിച്ച വിമർശനത്തിന്റെ അതിശക്തമായ വാക്കുകള്‍ ഒഴിച്ചാൽ യേശു ഒരിക്കലും സത്യം ജനങ്ങളിലേയ്ക്ക് അടിച്ചേൽപ്പിക്കുവാൻ തുനിഞ്ഞില്ല. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടുപ്പോലും യേശു ശാന്തമായി ഇങ്ങനെ ചോദിച്ചു, സ്ത്രീയേ, നിന്റെ കുറ്റാരോപിതർ എവിടെ? അവള് പറഞ്ഞു ആരെയും കാണുന്നില്ല. യേശു പറഞ്ഞു ഞാനും നിന്നെ കുറ്റംവിധിക്കുന്നില്ല, സമാധാനത്തോടെ പോക, ഇനിമേൽ പാപം ചെയ്യരുത്. അത്രയും ലളിതവും വ്യക്തവും സമർത്ഥവുമായിട്ടാണ് യേശു സത്യം വെളിപ്പെടുത്തിയത്. ആ സ്ത്രീ യേശുവിന്റെ അടുക്കൽനിന്നും മടങ്ങുമ്പോള്‍ യേശു തന്നോട് പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ചു എന്ന് ഉറപ്പാണ്. നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങളുടെയും അത്യാഗ്രഹങ്ങളുടെയും തിക്കിലും തിരക്കിലും പെട്ട് നാം ആശയക്കുഴപ്പത്തിലും വിചാരപ്പെടുന്നവരും ആയി മാറുന്നു. യേശു നമ്മെ നയിക്കുന്ന പാത അതല്ല പകരം നാം യേശുവിന്റെ ശബ്ദം കേള്‍ക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. ആ ശബ്ദം കേട്ട് അതിനെക്കുറിച്ച് ചിന്തിക്കുന്നവരായും പ്രാർത്ഥിക്കുന്നവരുമായി മാറുക.
പ്രാർത്ഥന
പ്രീയ യേശുവേ,
ഈ ഭാഗം വായിക്കുമ്പോള്‍ ഞാൻ എന്നോട് തന്നെ “ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുവാൻ” പറയുന്നു. അങ്ങ് എന്തു പറഞ്ഞു എന്നും പറഞ്ഞതിന്റെ കാരണം എന്തെന്നു മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ കൂടുതൽ സമാധാനത്തോടെ ഞാൻ ജീവിക്കുന്നു. ഒന്നിനെക്കുറിച്ചും വാചാരപ്പെടാതെ അങ്ങ് നയിക്കുന്ന പാതകളിൽ നടക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ