Uncategorized

“ഹൃദയങ്ങളിൽ നല്ല നിക്ഷേപം”

വചനം

മത്തായി 15 : 11

“മനുഷ്യനെ അശുദ്ധിവരുത്തുന്നതു വായ്ക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ, അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”

നിരീക്ഷണം

ഇവിടെ കർത്താവായ യേശുക്രിസ്തുവിന്റെ വാക്കുകളെ ആഴമായി ചിന്തിച്ചാൽ, കർത്താവ് പറയുന്നത് മറ്റൊന്നുമല്ല നിങ്ങളെ അശുദ്ധമാക്കുന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളോ, പാനീയങ്ങളോ അല്ല മറിച്ച് ഹൃദയം നിറഞ്ഞ് നാവ് ഉച്ചരിക്കുന്ന വാക്കുകള്‍ തന്നെ നമ്മെ അശുദ്ധരാക്കുന്നു. നമ്മുടെ അധരങ്ങളിൽ നിന്നും പുറത്തു വരുന്ന വാക്കുകള്‍ നാം ആരാണെന്നും എങ്ങനെയുളള വ്യക്തിയാണെന്നും വെളിപ്പെടുത്തുന്നു. 

പ്രായോഗികം

നാം ഈ ലോകത്ത് ജീവിക്കുമ്പോള്‍ പലപ്പോഴും ഹൃദയത്തിൽ നിക്ഷേപിക്കുന്ന കാര്യങ്ങളെക്കാള്‍ പരിഗണന നമ്മുടെ വയറ്റിലേക്ക് നിക്ഷേപിക്കുന്ന കാര്യങ്ങള്‍ക്ക് കൊടുക്കാറുണ്ട്. ഹൃദയം ശുദ്ധമായ ഉദ്ദേശങ്ങളാൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എങ്കിൽ അത് തന്നെ നമ്മുടെ സംസാരത്തിലും പ്രവർത്തിയിലും വെളിപ്പെട്ടുവരും. കൂട്ടു വിശ്വാസികള്‍ തമ്മിൽ തമ്മിൽ വാക്കുകളാൽ മുറിവേൽപ്പിക്കുന്ന പ്രവണത ഉണ്ടെങ്കിൽ നാം മനസ്സിലാക്കേണ്ടത് അവരുടെ ഹൃദയങ്ങളിൽ നല്ല നിക്ഷോപങ്ങളല്ല അവർ നിക്ഷേപിച്ചിരിക്കുന്നത്. ഒരുകാര്യം തീർച്ച അവരുടെ വയറ് നല്ല ആഹാരം കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാൽ അവരുടെ ഹൃദയം ആവശ്യമില്ലാത്ത ഈ ലോകത്തിന്റെ അശുദ്ധികളാൽ നിറഞ്ഞിരിക്കുന്നു.  നമ്മുടെ സംസാരം ശുദ്ധിയുളളതായിരിക്കണം. കൊലോസ്യ ലേഖനം 4 : 6 ൽ പൌലോസ് അപ്പോസ്തലൻ ഇപ്രകാരം ഓർപ്പിക്കുന്നു, “നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോട് കൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ”.

പ്രാർത്ഥന

പ്രീയ യേശുവേ,

ദാവീദ് രാജാവ് പ്രാർത്ഥിച്ചതുപോലെ ഞാനും ഇന്ന് അങ്ങയോട് പ്രാർത്ഥിക്കുന്നു. “ദൈവമേ നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ” (സങ്കീർത്തനം 51:10) എന്റെ ഹൃദയത്തിലേയ്ക്ക് ഞാൻ എന്ത് നിക്ഷേപിക്കുന്നു എന്ന് എപ്പോഴും കരുതികൊള്‍വാൻ എന്നെ പഠിപ്പിക്കേണമേ. ആമേൻ