Uncategorized

“സന്തോഷം നിറഞ്ഞ ഒരു മനുഷ്യൻ”

വചനം

2 ശമുവേൽ 6 : 14

“ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂർണ്ണ ശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു”.

നിരീക്ഷണം

പൂർണ്ണ ശക്തിയോടെ ദൈവത്തിന്റെ പെട്ടകത്തിനു മുമ്പാകെ നൃത്തം ചെയ്ത ദാവീദ് രാജാവിനെ കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര ആവേശഭരിതനായത്? ദൈവത്തിന്റെ സാന്നിദ്ധ്യം വഹിക്കുന്ന ദൈവീക ഉടമ്പടിയുടെ പെട്ടകം പിടിക്കപ്പെടുകയും ശത്രു രാജ്യത്ത് ആയിപ്പോവുകയും ചെയ്തു. എന്നാൽ ദാവീദ് രാജാവിനു അത് തിരികെ മടക്കി കൊണ്ടുവരുവാൻ സാധിച്ചു.  ആ ദിവസം ദാദവീദിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ ഒന്നായി മാറി.  തത്ഫലമായി അദ്ദേഹം നൃത്തം ചെയ്തു ദൈവത്തെ മഹത്വപ്പെടുത്തി.

പ്രായോഗികം

നിങ്ങളുടെ ഹൃദയത്തിൽ അതിരുകളില്ലാത്ത സന്തോഷം നൽകുന്നതെന്താണ്? ഒരു പക്ഷേ നിശ്ചയിക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ വിവാഹമായിരിക്കാം. ഒരു പക്ഷേ ഉടൻ ജനിക്കുവാൻ പോകുന്ന പേരക്കുട്ടിയെ ഓർത്തിട്ടാവാം. അല്ലെങ്കിൽ നിങ്ങള്‍ പുതുതായി വാങ്ങുവാൻ പോകുന്ന കാറായിരിക്കാം –എന്നാൽ ദാവീദ് രാജാവിനെ ഇപ്രകാരമുളള ബാഹ്യമായ തന്റെ നേട്ടങ്ങളല്ല സന്തോഷിപ്പിച്ചത്.  അദ്ദേഹത്തെ “സന്തോഷം നിറഞ്ഞ ഒരു മനുഷ്യനാക്കി തീർത്തത്”, കർത്താവിന്റെ സാന്നിദ്ധ്യം ഇപ്പോള്‍ യെരുശലേമിൽ തിരിച്ചെത്തിയെന്ന വസ്തുതയായിരുന്നു.  ദാവീദ് രാജാവ് കർത്താവിന്റെ സാന്നിദ്ധ്യം അത്രമാത്രം സ്നേഹിച്ചിരുന്നു അതായിരുന്നു അദ്ദേഹത്തിൽ അതിരുകള്‍ ഇല്ലാത്ത സന്തോഷം ഉണ്ടാകുവാൻ കാരണമായി തീർന്നത്.  നാം ഈ ലോകത്തിൽ എന്തെങ്കിലും ഒക്കെ മുന്നിൽ കണ്ടുകൊണ്ട് സന്തോഷിച്ചാൽ ആ സന്തോഷം ശാശ്വതമല്ല, മറിച്ച് ദൈവത്തിന്റെ സാന്നിദ്ധ്യം എപ്പോഴും പുതിയതാണ്.  നമ്മിലുളള ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മെ എപ്പോഴും “സന്തോഷം നിറഞ്ഞവരാക്കിത്തീർക്കും” ആ സന്തോഷം നിലനിൽക്കുകയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സാന്നിദ്ധ്യത്തിനായി ഞാൻ നന്ദിപറയുന്നു.  അങ്ങയെക്കാള്‍ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.  എന്റെ ജീവിതത്തിലെ സുഖത്തിന്റെയും കഷ്ടതയുടെയും കാലത്തിലും എനിക്ക് അങ്ങയുടെ സാന്നിദ്ധ്യം ആവശ്യമാണ്.  ആ സാന്നിദ്ധ്യത്തിൽ തന്നെ നിൽക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ