Uncategorized

“നീതിയും ന്യായവും മുറുകെ പിടിക്കുക”

വചനം

1 ദിനവൃത്താന്തം 18 : 14

“ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിന്നും രാജാവായി വാണു; തന്റെ സകല ജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.”

നിരീക്ഷണം

ദാവീദ് രാജാവ് യിസ്രായേലിലെ എക്കാലത്തെയും വലിയ രാജാവായിരുന്നു.   ഈ വാക്യത്തിൽ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണു എന്നും എപ്രകാരം ആയിരുന്നു തന്റെ ഭരണമെന്നും പറയുന്നു. വളരെ നീതിയോടും ന്യായത്തോടും ഭരണം നടത്തിയിരുന്ന രാജാവായിരുന്നു ദാവീദ്. 

പ്രായോഗികം

നാം ദാവീദ് രാജാവ് ആകണമെന്നോ ഒരു വലീയ രാഷ്ട്രത്തെ നയിക്കണമെന്നോ ആവശ്യപ്പെടുന്നില്ല. മറിച്ച് ദാവീദിന്റെ പറയപ്പെട്ട സ്വഭാവങ്ങള്‍ നമ്മിൽ ഉണ്ടാകേണ്ടത് ആവശ്യമാണ്. മനുഷ്യരായ നാമെല്ലാവരും ഓരോ ഉത്തരവാദിത്വങ്ങള്‍ ഉളളവരാണ്.  നമ്മിൽ ആർക്കും എനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല എന്ന് പറഞ്ഞ് മാറി നിൽക്കുവാൻ സാധ്യമല്ല. നാം ജോലി സ്ഥലത്തെ അധികാരിയോ, ജോലി ചെയ്യുന്നവരോ, പഠിക്കുന്നവരോ, കുഞ്ഞുങ്ങളോ, മാതാപിതാക്കളോ ആയി ഏതെങ്കിലും രീതിയിൽ നമ്മുക്കൊരു ഉത്തരവാദിത്വം ഉണ്ടാകാം. എന്നാൽ ഏതു നിലയിൽ ആയിരുന്നാലും നാം നീതയേടും ന്യായത്തോടും നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം. ഈ ലോകം ഇന്ന് അനീതിയിൽ നിന്നും അനീതിയിലേക്കും അക്രമങ്ങളിൽ നിന്ന് അക്രമങ്ങളിലേയ്ക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ നീതിയ്ക്കും ന്യായത്തിനും പ്രഥമ സ്ഥാനം നൽകും എന്നുളള തീരുമാനത്തോടെ നമുക്ക് മുന്നോട്ടു പോകാം.  അങ്ങനെയുളളവരെ ലോകത്തിന് വളരെ ആവശ്യമായിരിക്കുന്നു.  ദാവീദ് രാജാവിനെ പോലെ നീതിയോടും ന്യായത്തോടും കൂടെ പ്രവൃത്തിക്കുവാൻ ആഗ്രഹിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

നാല്പതു വർഷത്തോളം നീതിയോടും ന്യായത്തോടും രാജ്യം ഭരിച്ച ദാവീദ് രാജാവിന്റെ മാതൃകയ്ക്കായി നന്ദി പറയുന്നു.  ഞാനും അപ്രകാരം തന്നെ ആയിതീരുവാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ. ആമേൻ