Uncategorized

“നിർമ്മലമായോരു ഹൃദയം”

വചനം

സങ്കീർത്തനങ്ങള്‍ 51 : 10

ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

നിരീക്ഷണം

ദാവീദിന്റെ ജീവിതത്തിൽ ബത്ത്-ശേബയുമായുളള ബന്ധത്തിൽ സംഭവിച്ച തെറ്റിനുശേഷം ദാവീദ് പ്രാർത്ഥിച്ച പ്രാർത്ഥനയുടെ ഭാഗമാണിതെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്.  നാഥാൻ പ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനെ വിളിച്ച് പാപത്തെ ബോധ്യപ്പെടുത്തിയപ്പോള്‍ ദാവീദ് സത്യത്തിൽ വഴങ്ങി ദൈവമുമ്പാകെ തന്റെ പാപത്തെക്കുറിച്ച് അനുതപിച്ചു. അതിനുശേഷം ദാവീദ് ആഗ്രഹിച്ചത് ശുദ്ധവും നിർമ്മലവുമായ ഒരു ഹൃദയം തന്നിൽ ഉണ്ടാകണമെന്നാണ്.  ദൈവം തന്റെ ജീവിതത്തിൽ വിശുദ്ധവും നിർമ്മലവുമായോരു ഹൃദയം സൃഷ്ടിക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു. പാപത്തെക്കുറിച്ച് ബോധം വന്നപ്പോള്‍ തന്നിൽ നിർമ്മലമായോരു ഹൃദയം ഇല്ലെന്ന് തിരിച്ചറിഞ്ഞ ദാവീദ് തന്നിൽ വിശുദ്ധമായ ഹൃദയം സൃഷ്ടിക്കുവാൻ പ്രാർത്ഥിക്കുന്നു.

പ്രായോഗികം

വ്യത്യസ്ഥ കഴിവുകളോടുകൂടിയ ഒരു വ്യക്തിയായിരുന്നു ദാവീദ് രാജാവ്.  അദ്ദേഹത്തിന് പാടുവാനും, ഉപകരണങ്ങള്‍ വായിക്കുവാനും, കെട്ടിടങ്ങള്‍ രൂപകല്പന ചെയ്യുവാനും, പോരാടുവാനും, സ്നേഹിക്കുവാനും, പ്രസംഗിക്കുവാനും, യുദ്ധങ്ങള്‍ നയിക്കുവാനും, വിജയിക്കുവാനും മാത്രമല്ല മല്ലന്മാരെ കൊല്ലുവാനും കഴിവുകള്‍ ഉണ്ടായിരുന്ന ഒരു മനുഷ്യനായിരുന്നു.  എന്നാൽ തന്റെ ഹൃദയം പാപം നിറഞ്ഞതാണെന്നും ആ ഹൃദയത്തെ സ്വയം ശുദ്ധീകരിക്കുവാൻ കഴിയുകയില്ലെന്നുമുളള സത്യം ദാവീദ് തിരിച്ചറിഞ്ഞു. അതിന് തനിക്ക് ആശ്രയിക്കുവാൻ കഴിയുന്ന ഏക സഹായവും പ്രത്യാശയും സ്വർഗ്ഗീയ പിതാവാം ദൈവമാണെന്ന് ദാവീദിന് അറിയാമായിരുന്നു.  ആയതിനാൽ ആ ഹൃദയത്തിനു രൂപാന്തരം വരുത്തുവാൻ കഴിയുന്ന ദൈവത്തോട് എനിക്ക് വിശുദ്ധമായ ഒരു ഹൃദയം വേണമെന്ന് നിലവിളിയോടെ പ്രാർത്ഥിച്ചു. ഇതുവരെ ഇല്ലാതിരുന്ന വിശുദ്ധമായ ഹൃദയത്തെ തന്നിൽ ഉളവാക്കിയെടുക്കുവാൻ ഈ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഹൃദയത്തിലെ അശുദ്ധിയെ പൂർണ്ണമായി നീക്കുവാൻ എനിക്ക് സ്വന്തമായി കഴിയുന്നില്ല.  എനിക്ക് അങ്ങയുടെ സഹായം കൂടാതെ വിശുദ്ധമായ ഹൃദയം സ്വന്തമാക്കുവാൻ കഴിയുകയില്ല അതിനായി എന്നെ സഹായിക്കേണമേ.  നിർമ്മലമായോരുഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. ആമേൻ