Uncategorized

“എല്ലാകാലത്തും യഹോവയെ വാഴ്ത്തുവിൻ”

വചനം

1 ദിനവൃത്താന്തം 23 : 30

“രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനില്ക്കുന്നതും”

നിരീക്ഷണം

ദേവാലയ ശിശ്രൂഷ ചെയ്തിരുന്ന ലേവ്യ ഗോത്രം നിർവ്വഹിച്ചിരുന്ന ചില കടമകള്‍ ഇവയായിരുന്നു – ആഴ്ചയിൽ എഴുദിവസവും രാവിലെയും വൈകുന്നേരവും അവർ എഴുന്നേറ്റ് കർത്താവിനെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു.  രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴും രാത്രിയിൽ ഉറങ്ങാൻ പോകുന്നതുനു മുമ്പും അവർ അപ്രകാരം തന്നെ ചെയ്തിരുന്നു. ദൈവം യിസ്രായേല്യരെ മറ്റ് എല്ലാവരെക്കാളും ഉപരിയായി വർഷങ്ങളോളം അനുഗ്രഹിച്ചതിൽ അതിശയോക്തി ഒന്നും ഇല്ല. കർത്താവിന് നന്ദി പറഞ്ഞും സ്തുതിച്ചും അവർ ഓരോ ദിവസവും ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു പോന്നു.

പ്രായോഗികം

ദൈവ വചനത്തിലുടനീളം നാം കാണുന്നത് ഏതു സാഹചര്യത്തിലും ദൈവത്തെ സ്തുതിക്കുക എന്നതാണ്. ഒരു പേക്ഷേ നിങ്ങള്‍ ഇന്ന് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലായിരിക്കാം ജീവിക്കുന്നത് അല്ലെങ്കിൽ ദുഃഖത്തിന്റെ അവസ്ഥയിലായിരിക്കാം. സാഹചര്യം ഏതുതന്നെ ആയാലും ദൈവത്തെ സ്തുതിക്കുക എന്ന് പറയുന്നത് ജീവിതത്തിൽ ഒഴിവാക്കാൻ പാടില്ലാത്തതാണ്. ലേവ്യരെ സംബന്ധിച്ചിടത്തോളം അവർ രോഗികളായി തീർന്നലും, അവരുടെ ഭവനങ്ങളിൽ വേണ്ടപ്പെട്ടവരുടെ വേർപാട് സംഭവിച്ചാലും രാവിലെയും വൈകുന്നേരവും കർത്താവിനെ സ്തുതിക്കുന്നത് നിർത്തുകയില്ല. എപ്പോഴും അവർ ദൈവത്തോടുളള സ്തുതിയിലും നന്ദിയിലും വിശ്വസ്തരായി തന്നെ തുടർന്നു. അതിന്റെ ഫലമായി ദൈവം അവരെ അനുഗ്രഹിക്കുകയും, സംരക്ഷിക്കുകയും, അഭയം നൽകുകയും ചെയ്തു. നമ്മുടെ മഹാ ദൈവത്തെക്കാള്‍ സ്തുതിയും നന്ദിയും അർഹിക്കുന്ന മറ്റാരും ഇല്ല!  എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും യിസ്രായേൽമക്കള്‍ കർത്താവിനെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തതുപോലെ നാമും ചെയ്യുവാൻ തയ്യാറാകണം. അത് നമ്മുടെ ജീവിതത്തിലും അനുഗ്രഹമായി മാറുക തന്നെ ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ, എന്നെ അങ്ങയുടെ ദാസനാക്കി മാറ്റിയതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ഞാൻ കണ്ടുമുട്ടുന്ന എല്ലാവരോടും അവിടുത്തെ സാക്ഷ്യം വഹിക്കുവാൻ എന്നെ സഹായിക്കേണമേ . ജീവിതത്തിന്റെ ഏത് അവസ്ഥയിലും രാവിലെയും വൈകുന്നേരവും ഞാൻ അങ്ങയെ സ്തുതിക്കുവാനും നന്ദി പറയുവാനും ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ. ആമേൻ