“എല്ലാം യേശുക്രിസ്തുവിന്റെ കാൽകീഴിൽ!”
വചനം
എഫെസ്യർ 1 : 22
സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി.
നിരീക്ഷണം
പിതാവായ ദൈവം സഭയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും യേശുക്രിസ്തുവിന്റെ അധികാരത്തിൻ കീഴിലാക്കിയിരിക്കുന്നു എന്ന് പൌലോസ് അപ്പോസ്ഥലൻ ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു. മാത്രമല്ല “എല്ലാം യേശുവിന്റെ കാൽക്കീഴിലാണ്!”
പ്രായോഗികം
ഈ ഭൂമിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള യേശുവിന്റെ അറിവ്, ജ്ഞാനം, അധികാരം എന്നിവയിൽ നിന്ന് ഒരു കാര്യവും ഒഴിഞ്ഞിരിക്കുന്നില്ല എന്ന് വ്യക്തമാക്കുവാനാണ് ഇവയെല്ലാം യേശുവിന്റെ കാൽകീഴിലാണ് എന്ന് പറഞ്ഞിരിക്കുന്നത്. സഭ യേശുക്രിസ്തുവിന്റെ മണവാട്ടിയാണ്. ആകയാൽ ക്രിസ്തുവിന്റെ മണവാട്ടിയെ ഉപദ്രവിക്കുവാൻ ശ്രമിക്കുന്ന സഭയ്ക്കുള്ളിലോ പുറത്തോ ഉള്ള എന്തും യേശു തന്നെ കൈകാര്യം ചെയ്യും. സർവ്വശക്തനായ രാജാവിന്റെ ശ്രദ്ധയിൽപെടാത്തതായി ഒന്നും ഇല്ല. സഭയുടെ എതിരാളികൾ സഭയ്ക്കെതിരായി പ്രവർത്തിക്കുന്നതും സഭ കഷ്ടതയിലുടെ കടന്നുപോകുന്നതും യേശു കാണുന്നു. എന്നാൽ ദൈവം ഇതിനെതിരായി എങ്ങനെ പ്രവർത്തിക്കുമെന്ന് മനുഷ്യരായ നമുക്ക് എല്ലാം മനസ്സിലാകുകയില്ല. യേശുക്രിസ്തുവിന്റെ ശരീരമാകുന്ന സഭയോട് കാണിക്കുന്ന ഏത് അനീതിയും കാലക്രമേണ ദൈവം ഒരു പരിഹാരം കാണുക തന്നെ ചെയ്യും. കാരണം “സകലവും യേശുവിന്റെ കാൽകീഴിലാണ്” എന്നതുകൊണ്ട് തന്നെ.
പ്രാർത്ഥന
പ്രീയ യേശുവേ,
ഭൂമിയിലെ അങ്ങയുടെ അനുയായികളെയോ സഭയെയോ ഉപദ്രവിക്കുന്ന ആരെയും അങ്ങയുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ സമയത്ത് അങ്ങ് സകലത്തിനും നീതി നടപ്പാക്കും എന്ന് ഞാൻ അറിയുന്നു. ആമേൻ