Uncategorized

“മാറ്റമില്ലാത്ത ദൈവ വചനം”

വചനം

മർക്കൊസ് 13 : 31

ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ മടങ്ങിവരവിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് തന്റെ ശിഷ്യന്മാർ യേശുവിനോട് ചോദിച്ചതിന്, ആകാലത്ത് സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും എന്നിങ്ങനെ ഇപ്പോള്‍ കാണുന്ന ചിലത് നശിച്ചുപോകുമെന്ന് യേശു വിവരിക്കുവാൻ ഇടയായി. എന്നാൽ അവസാനം യേശു ഇപ്രകാരം മറുപടി പറഞ്ഞു “ഈ ലോകത്തിൽ കാണുന്നവയെല്ലാം കാലക്രമേണ നശിക്കുമെങ്കിലും, എന്റെ വചനം ഒരിക്കലും ഒഴിഞ്ഞുപോകയില്ല.”

പ്രായോഗീകം

ഈ ഭൂമിയിൽ അല്പ വർഷങ്ങള്‍ക്കു മുമ്പ് ജീവിച്ച് മരിച്ചു പോയ ഒരു വ്യക്തിയല്ല ഈ വാക്കുകള്‍ പറഞ്ഞിരിക്കുന്നത്. രണ്ടായിരം വർഷങ്ങള്‍ക്കുമുമ്പ് യേശു പറഞ്ഞവാക്കുകളാണിത്. ഈ ഭൂമിയിൽ ഇന്ന് ഏകദേശം മൂന്ന് ബില്യൺ ജനങ്ങള്‍ യേശുവിന്റെ വാക്കുകള്‍ വിശ്വസിക്കുകയും അവയെ പിൻതുടരുകയും ചെയ്യുന്നു. ലോകം ഇതുവരെ കണ്ട എല്ലാ സാമ്രാജ്യങ്ങളെയും സ്വേച്ഛാധിപതികളെയും കുറിച്ച് ചിന്തിക്കുക, ആ സാമ്രാജ്യങ്ങള്‍ എല്ലാം നശിക്കുകയും, ആ സ്വേച്ഛാധിപതികളെല്ലാം മരിച്ചു മൺമറഞ്ഞു പോകുകയും ചെയ്തു. എന്നാൽ യേശു ഇന്നും നിരവധി ജനങ്ങളുടെ ഹൃദയത്തിൽ വസിക്കുകയും അവർക്ക് വഴികാട്ടിയായി തുടരുകയും ചെയ്യുന്നു.  യേശുവിന്റെ വചനങ്ങള്‍ നമ്മുടെ പാദങ്ങള്‍ക്ക് ഒരു വിളക്കും നമ്മുടെ പാതയ്ക്ക് ഒരു വെളിച്ചവും ആയി തുടരുന്നു. ദൈവ വചനം സ്വർഗ്ഗത്തിൽ എന്നേയ്ക്കും സ്ഥിരമായിരിക്കുന്നു. ജീവിത്തിലെ ഏറ്റവും പ്രയാസമേറീയ സാഹചര്യങ്ങളിൽ കൂടി കടന്നുപോകുമ്പോള്‍ ദൈവ വചനത്തെ മുറുകെ പിടിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്താൽ വചനം നിങ്ങളെ ആശ്വസിപ്പിക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യും. മാത്രമല്ല ദൈവ വചനം നമുക്കുള്ളതിനായി നാം നന്ദിയുള്ളവരും ആയിരിക്കേണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ മാറ്റമില്ലാത്ത തിരുവചനം എനിക്കു തന്നിരിക്കുന്നതിനായി നന്ദി പറയുന്നു. എന്റെ ഏതു ജീവിത സാഹചര്യങ്ങള്‍ക്കും ഉതകുന്ന രീതിയിലുള്ള ഈ തിരുവചനത്തെ ഞാൻ മാറോട് ചേർത്ത് ദിനം തോറും ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ