Uncategorized

“നാമും ദൈവവും മാത്രം”

വചനം

ഇയ്യോബ് 27 : 6

എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.

നിരീക്ഷണം

വേദപുസ്തകത്തിൽ ഏറ്റവും കൂടുതൽ കഷ്ടം അനുഭവിച്ച വ്യക്തിയായ ഇയ്യോബ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞ അവസാന വാക്കുകളാണ് ഈ വേദ ഭാഗം. തന്റെ സുഹൃത്തുക്കള്‍ തന്നെക്കുറിച്ച് എന്തുകുറ്റപ്പെടുത്തിയാലും, തന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഈ കഷ്ടത തന്റെ പ്രവൃത്തിമുലം എന്ന് ഒരിക്കലും സമ്മതിക്കുകയില്ല എന്ന് ഇയ്യോബ് ഉറപ്പിച്ചു പറയുന്നു. മാത്രമല്ല താൻ തന്റെ നിരപരാധിത്വം തുടർന്നും കാത്തു സൂക്ഷിക്കുമെന്നും പറയുന്നു. ഇയ്യോബിന്റെ ഈ തുറന്നു പറച്ചിലു പോലെ ദൈവം തന്നെക്കുറിച്ച് ഇയ്യാബിന്റെ പുസ്തകത്തിലെ ആദ്യ അദ്യായത്തിൽ തന്നെ അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നു. ഇയ്യോബ് 1:8 ൽ യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.

പ്രായോഗീകം

നാം ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്നത് സത്യമാണ്. ലോകം നമ്മുടെ മേൽ എന്തുതന്നെ കുറ്റം ചുമത്തിയാലും “നാമും ദൈവവും മാത്രമാകുന്ന സന്ദർഭങ്ങള്‍ ഉണ്ടാകും”. ചിലപ്പോള്‍ നമ്മുടെ സുഹൃത്തുക്കള്‍ നമ്മുക്ക് വേണ്ടി സംസാരിക്കും എന്ന് നാം പ്രതീക്ഷിക്കാറുണ്ട് എന്നാൽ ചിലപ്പോള്‍ അവർ പ്രതികരിക്കാതിരിക്കും, അപ്പോഴാണ് ദൈവം മാത്രമാണ് നമുക്ക് ഉളളതെന്ന് മനസ്സിലാക്കുന്നത്. മാത്രമല്ല ചിലപ്പോള്‍ നിങ്ങളുടെ കുടുംബാങ്ങങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി വാദിക്കും എന്ന് തോന്നിയ സമയങ്ങളും ഉണ്ടാകാം. അവരും പ്രതികരിക്കാതിരിക്കുമ്പോള്‍ നാം വിചാരിക്കും നാം പരാജയപ്പെട്ടു എന്ന്. ആ സന്ദർഭങ്ങളിൽ ആരും നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കുവാൻ ഇല്ലാതെവരുമ്പോള്‍ ചിന്തിക്കുക ഇത് ഞാനും ദൈവവുമായിട്ടുള്ള കാര്യമാണ് എന്നത്. നമുക്കറിയാം ഇയ്യോബിന്റെ കഷ്ടതയുടെ അവസാനം ദൈവം അവനെ മാനിക്കുകയും ഏറ്റവും ഉയർത്തുകയും ചെയ്തു. അതുപോലെ നമുക്കുവേണ്ടിയും നമ്മുടെ കർത്താവ് ചെയ്യും എന്നത് ഉറപ്പുള്ളകാര്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഈ ലോകം മുഴുവനും എന്നെകുറ്റം വിധിച്ചാലും അങ്ങ് എനിക്ക് അനുകൂലമെങ്കിൽ അതുമതി. അങ്ങയുടെ വചനപ്രകാരം ജീവിച്ച് അങ്ങയുടെ സാക്ഷ്യം പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ