Uncategorized

“സങ്കൽപ്പിക്കുവാൻ കഴിയുമോ?”

വചനം

ലുക്കോസ് 4 : 21

അവൻ അവരോടു: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി.

നിരീക്ഷണം

നാല്പതു രാവും നാല്പതു പകലും മരുഭൂമിയിൽ വെച്ച്  പിശാചിനാൽ യേശു പരീക്ഷിക്കപ്പെട്ടു. എന്നാൽ യേശു പരീക്ഷകള്‍ എല്ലാം എഴുതപ്പെട്ട ദൈവത്തിന്റെ വചനം കൊണ്ട് വിജയിച്ചു. അതിനുശേഷം പിശാച് അവനെ വിട്ടുപോയി. യേശു സിനഗോഗിൽ പ്രവേശിച്ചപ്പോള്‍ ജനക്കൂട്ടം അവന്റെ വാക്കുകള്‍ കേള്‍ക്കുവാൻ അകാംഷാഭരിതരായി ഇരിക്കുന്നത് കണ്ടു. യേശുവിന്റെ കാലത്തിനും ഏകദേശം 700 വർഷങ്ങള്‍ക്കു മുമ്പ് യെശയ്യാ പ്രവാചകനാൽ എഴുതപ്പെട്ട പുസ്തകത്തിന്റെ 61:1,2 വാക്യങ്ങള്‍ വായിച്ചതിനുശേഷം സിനഗോഗിൽ കൂടിയിരുന്ന ജനങ്ങളോട് യേശു ഇപ്രകാരം പറഞ്ഞു, “ഇന്ന് നിങ്ങള്‍ കേട്ടിരിക്കുന്ന ഈ ദൈവത്തിന്റെ തിരുവെഴുത്ത് നിങ്ങളുടെ മുമ്പിൽ നിറവേറിയിരിക്കുന്നു”.

പ്രായോഗീകം

യെശയ്യാ പ്രവാചകന്റെ 700 വർഷം പഴക്കമുള്ള പ്രവചനത്തിന്റെ നിവൃത്തിയാണ് താനെന്ന് യുവാവായ യേശുക്രിസ്തു പറഞ്ഞപ്പോള്‍ അന്നത്തെ ദൈവാലയത്തിലെ ശ്രോതാക്കളിൽ ഒരാളായി താങ്ങള്‍ക്ക് സങ്കൽപ്പിക്കുവാൻ കഴിയുമോ? അതുകഴിഞ്ഞ് യേശു ഇപ്രകാരം പറഞ്ഞു “ഒരു പ്രവാചകനും അവന്റെ സ്വന്തനാട്ടിൽ അംഗീകരിക്കപ്പെട്ടിട്ടില്ല”. നാം ഒന്നു ചിന്തിച്ചാൽ ആ ആലയത്തിലെ കേള്‍വിക്കാരിൽ ഒരാള്‍ നാമും ആയിരുന്നു എങ്കിൽ യേശു പറഞ്ഞത് വിശ്വസിക്കുമോ എന്നത് സംശയം തന്നെ. സുവിശേഷം എഴുതിയ യോഹന്നാൻ അപ്പോസ്തലൻ ഇപ്രകാരം പറഞ്ഞു “അവൻ സ്വന്തമായതിലേയ്ക്കുവന്നു സ്വന്തമായവരോ അവനെ സ്വീകരിച്ചില്ല”.  യേശു ദൈവപുത്രനാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് അയൽക്കാരോട് പറഞ്ഞാൽ അവരുടെ ഇടയിൽ എത്രമതിപ്പ് ഉളവാകും? അന്ന് ജനങ്ങള്‍ക്ക് തെറ്റു പറ്റിയെന്നത് ശരിയാണ് എന്നാൽ അവരിൽ ഒരാള്‍ നിങ്ങള്‍ ആയിരുന്നെങ്കിൽ എപ്രകാരം ആയിരിക്കുമായിരുന്നു? ജനങ്ങള്‍ അന്ന് യേശുവിനെ സ്നേഹിച്ചിരുന്നു, യേശു വിജയിക്കണമെന്നും അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ യേശു ദൈവപുത്രൻ എന്ന് പറയുവാനോ വിശ്വസിക്കുവാനോ അവർ മടികാണിച്ചു. അന്നായാലും ഇന്നായാലും യേശു ദൈവപുത്രൻ എന്ന് വിശ്വസിക്കുവാൻ, വിശ്വാസം ആവശ്യമാണ്. സുവിശേഷം എഴുതിയ യോഹന്നാൻ അപ്പോസ്തലന്റെ വാക്കുകളിലേയ്ക്ക് വീണ്ടും ഒന്നുകൂടെ നോക്കിയാൽ ഇങ്ങനെ കാണുവാൻ കഴിയും അവനെ കൈക്കൊണ്ട് അവന്റ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കള്‍ ആകുവാൻ അവൻ അധികാരം കൊടുത്തു (യോഹന്നാൻ 1:12) ഇത്രയും മഹത്തരമായ ഒരു സമ്മാനം നമുക്ക് സങ്കൽപ്പിക്കുവാൻ കഴിയുമോ?

പ്രാർത്ഥന

പ്രീയ യേശുവേ, അങ്ങയിൽ വിശ്വസിക്കുന്നവർക്ക് അങ്ങയുടെ മക്കളാകുവാനുള്ള അവകാശം തന്നതിനായി നന്ദി പറയുന്നു. അങ്ങ് ദൈവപുത്രനാണെന്ന് ഞാൻ ഹൃദയങ്ങമായി വിശ്വസിക്കുന്നു. ആമേൻ