“അവരുടെ സന്തോഷം അധികം നിലനിൽക്കില്ല”
വചനം
ഇയ്യോബ് 20 : 5
ദുഷ്ടന്മാരുടെ ജയഘോഷം താൽക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
നിരീക്ഷണം
ഇയ്യോബ് പറഞ്ഞകാര്യങ്ങൾക്ക് മറുപടിയായി ഇയ്യോബിന്റെ ഒരു സുഹൃത്ത് പറഞ്ഞ വാക്കുകളാണിത്. കർത്താവിനെ നിരസിക്കുവാൻ തീരുമാനിക്കുന്നവർക്ക് അവരുടെ സന്തോഷകാലം അധികകാലം മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയുകയില്ല.
പ്രായോഗീകം
ഈ ലോക ജീവിതത്തിൽ യേശുവിനോടുള്ള സ്നേഹം നിമിത്തം ചില പ്രവർത്തികൾ നാം അകറ്റി നിർത്തേണ്ടി വരും. യേശുവിനെ അറിഞ്ഞവർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർ സന്തോഷത്തോടെ ചെയ്യുകയും അതിൽ ആനന്ദം കൊള്ളുകയും ചെയ്യും. അതുകാണുമ്പോൾ യേശുവിനെ അറിഞ്ഞവർ ചെറിയ അസൂയയോടെ നോക്കി കാണാറുണ്ട്. മറ്റുള്ളവരെപ്പോലെ ജീവിച്ചാൽ എന്തായിതീരും എന്ന് ചിന്തിച്ച് അത്ഭുതം കൂറാറുണ്ട്. എന്നാൽ അങ്ങനെ സന്തോഷിക്കുന്നവർ അല്പകാലം കഴിയുമ്പോൾ ദൈവത്തെ നിരാകരിച്ചു ജീവിച്ചതിനാൽ അവരുടെ ജീവിതം തകർന്ന് തരിപ്പണമാകുന്നത് നമുക്ക് കാണുവാൻ കഴിയും. ഇത് ആരെയും വിധിക്കുവാൻ പറഞ്ഞതല്ല പക്ഷേ, ദൈവവചനത്തെ ഓർമ്മിപ്പിക്കുവാനാണ്. മനുഷ്യന് ശരിയെന്ന് തോന്നുന്ന ഒരു വഴിയുണ്ട് എന്നാൽ അതിന്റെ അവസാനം മരണവഴികളത്രെ എന്ന യേശുവിന്റെ വചനം ഓർമ്മപ്പെടുത്തട്ടെ. നാം എത്രകാലം ഈ ലോകത്ത് ജീവിക്കുമെന്ന് നമുക്ക് ഉറപ്പില്ല, നാളെ നാം കാണുമോ എന്ന് പോലും ഉറപ്പ് നമ്മുക്കില്ല. അത് മനസ്സിൽ വച്ചുകൊണ്ട്, നമ്മുടെ സമയം, ഉദ്ദേശ്യം, പ്രത്യാശ, ഊർജ്ജം, വിശ്വാസം എന്നവയെല്ലാം കർത്താവിനെ പ്രസാധിപ്പിക്കുന്ന കാര്യങ്ങളിൽ വയ്ക്കേണ്ടത് അത്യാവശ്യമാണ്. എല്ലാവർക്കും യേശുവിനെ ആവശ്യമാണ്, അതാണ് നമ്മുടെ ദൗത്യം. നാം മറ്റുള്ളവരെ യേശുവിലേയ്ക്ക് നയിക്കണം. കാരണം യേശുവിനെ അറിയാത്തവരുടെ സന്തോഷം അധികം നിലനിൽക്കില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാനും എന്റെ സന്തോഷം നിലനിർത്തുവാനും എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ
