Uncategorized

“ഒരു വാക്കു കല്പിച്ചാൽ മതി”

വചനം

മത്തായി 8 : 8

“അതിന്നു ശതാധിപൻ കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല, ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും”.

നിരീക്ഷണം

റോമൻ സൈന്യത്തിലെ ഒരു യൂണിറ്റിന്റെ നേതാവായിരുന്നു ഈ ശതാധിപൻ. വിജാതീയനായിരുന്ന ഈ സൈന്യാധിപൻ തികഞ്ഞ ഒരു ദൈവ ഭക്തനായിരുന്നു.  അവൻ യേശുവിന്റെ അടുക്കൽ വന്ന് തന്റെ വീട്ടിലെ ദാസനു കഠിന രോഗം പിടിപ്പെട്ടു കിടക്കുന്നു എന്ന് അറിയിച്ചു. യേശു അവനോട്, നിന്റെ ബാല്ല്യകാരനെ ഞാൻ നിന്റെ വീട്ടിൽവന്ന് സൌഖ്യമാക്കാം എന്ന് പറഞ്ഞു. എന്നാൽ ശതാധിപൻ യേശുവിനോട് കർത്താവേ, നീ എന്റെ പുരയ്ക്കകത്തുവരുവാൻ ഞാൻ യോഗ്യനല്ല എന്ന് പറഞ്ഞു എന്ന് മാത്രമല്ല, അങ്ങ് ഒരു വാക്കു കല്പിച്ചാൽ മതി എന്റെ ബാല്ല്യക്കാരന് സൌഖ്യം വരും എന്നും വിശ്വാസത്തോടെ പറഞ്ഞു യേശു അപ്രകാരം ചെയ്തു അവന്റെ ദാസൻ സുഖം പ്രാപിച്ചു.

പ്രായോഗികം

ഇത്തരത്തിലുളള വിശ്വാസം യിസ്രായേലിൽപ്പോലും കണ്ടിട്ടില്ല എന്ന് തന്റെ പിന്നാലെ വരുന്ന പുരുഷാരത്തോട് പറഞ്ഞു കൊണ്ടാണ് യേശു പിന്നെ സംസാരിക്കുന്നത്.  നമ്മുടെ അന്തരാത്മാവിലെ ആഴമായ വിശ്വാസം കൊണ്ടുമാത്രമേ ഈ ശതാധിപന്റെ പ്രവൃത്തിയെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.  നിങ്ങളിൽ ആരെങ്കിലും യേശുവിനെ കർത്താവായി സ്വീകരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങള്‍ ഇപ്രകാരം പ്രഖ്യാപിക്കുക – യേശുവേ, എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരെ എനിക്ക് അങ്ങയിൽ വിശ്വാസമുണ്ട്.   താങ്കള്‍ക്കും ഈ ശതാധിപനെപ്പോലെ ക്രിസ്തുവിന്റെ അനുയായി ആകുവാൻ ആഗ്രഹമുണ്ടെങ്കിൽ വിശ്വാസത്തോടെ യേശുവേ, അങ്ങ് ഒരു വാക്കു കല്പിക്കേണമേ എന്ന് പറയൂ അപ്പോള്‍ തന്നെ താങ്കള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് വിടുതൽ സംഭവിക്കുവാൻ ഇടയാകും. യേശുക്രിസ്തു ഇന്നലെയും, ഇന്നും എന്നേക്കും അനന്യൻ തന്നെ.  നിങ്ങളുടെ ഏതു വിഷമഘട്ടത്തിലും നിങ്ങള്‍ക്ക് ഇങ്ങനെ പറയാം “ യേശുവേ, അങ്ങ് ഒരു വാക്ക് കല്പിച്ചാലും” അപ്പോള്‍ തന്നെ മാറ്റം സംഭവിക്കുവാൻ ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ കർത്താവാകയാൽ ഞാൻ ഭാഗ്യവാനാണ്. ഇന്നും അങ്ങ് ജനത്തെ രക്ഷിക്കുന്നു, സുഖപ്പെടുത്തുന്നു, വിടുതൽ നൽകുന്നു. എന്റെ ജീവിതത്തിലെ അവസ്ഥകളെ നോക്കി അങ്ങ് ഒരു വാക്കു കല്പിക്കേണമേ എന്ന് അപേക്ഷിക്കുന്നു.  അങ്ങ് അങ്ങനെ ചെയ്യുന്നതിനായി നന്ദി. ആമേൻ