“വഴി തുറക്കുന്ന ദൈവം”
വചനം
പുറപ്പാട് 14 : 31
യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.
നിരീക്ഷണം
യിസ്രായേൽ ജനം മിസ്രയിമിൽ നിന്ന് പുറപ്പെട്ടതിനുശേഷം യഹോവയായ ദൈവം ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ ഫറവോനും സൈന്യവും യിസ്രായേൽ ജനത്തെ പിടുക്കുവാൻ അവരെ പിൻതുടർന്നു. എന്നാൽ യിസ്രായേൽ ജനം ചെങ്കടലിൽ എത്തിയപ്പോള്‍ ദൈവം ചെങ്കടലിനെ രണ്ടായി പിളർന്ന് യിസ്രായേൽ ജനം അതുവഴി ഉണങ്ങിയ നിലത്തുകൂടെ എന്നപോലെ കടന്നുപോയി. ഫറവോനും സൈന്യവും അതേ വഴിയിലൂടെ കടന്നു പോകുവാൻ ശ്രമിച്ചപ്പോള്‍ ദൈവം വെള്ളത്തെ ചേരുമാറാക്കുകയും ഫറവോനും സൈന്യവും ചെങ്കടലിൽ മുങ്ങി നശിക്കുകയും ചെയ്തു. ഇത് കണ്ടപ്പോള്‍ യിസ്രായേൽ ജനം യഹോവയേയും മോശയേയും ഭയപ്പെട്ടു.
പ്രായോഗികം
നാം ഇന്ന് ചിന്തിക്കുമ്പോള്‍ അന്ന് യിസ്രായേൽ ജനം ദൈവത്തെ ഭയപ്പെടുവാൻ ചെങ്കടൽ രണ്ടായി പിളർക്കേണ്ടിവന്നു. ഇന്ന് നാം ദൈവത്തെ ഭയപ്പെടുവാൻ നമുക്കു വേണ്ടി എന്താണ് ദൈവം ചെയ്യേണ്ടത്? നാം പലപ്പോഴും പറയും, എനിക്ക് എല്ലാം അറിയാം ഞാൻ അതു ചെയ്തുകൊള്ളാം, പക്ഷേ ജീവിതത്തിൽ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ താങ്കള്‍ ആരെയാണ് സമീപിക്കുന്നത്? പ്രശ്നങ്ങള്‍ വരുമ്പോള്‍ നാം യേശുക്രിസ്തുവിന്റെ അടുക്കൽ വരുന്നതിനു പകരം നാം പോകുന്നത് ഡോക്ടർ, അഭിഭാഷകൻ, ബാങ്കർ, ഇൻഷുറൻസ് ഏജന്റ്റ് അല്ലെങ്കിൽ കൗൺസിലർ എന്നിവരുടെ അടുക്കലേയ്ക്കായിരിക്കും. എന്നാൽ നിങ്ങള്‍ ആരെയാണ് സമീപിക്കേണ്ടതെന്ന് ഇന്ന് മനസ്സിലാക്കുക. ഒരു വഴിയും ഇല്ലെന്ന് തോന്നുപ്പോള്‍… എല്ലാവരും നിങ്ങളെ കൈവിട്ടു എന്നും എല്ലാ വഴികളും അടഞ്ഞു എന്നും ചിന്തിക്കുമ്പോള്‍ ഓർക്കുക! വഴിയില്ലാതിരുന്നിടത്ത് ദൈവം യിസ്രായൽ ജനത്തിന് ഒരു വഴി ഉണ്ടാക്കിക്കൊടുത്തില്ലേ? ഇപ്പോള്‍ താങ്കളുടെ മുമ്പിൽ വഴി അടഞ്ഞിരിക്കുന്നു എന്ന് തോന്നുന്നെങ്കിൽ യേശുക്രിസ്തുവിന്റെ അടുക്കലേയ്ക്ക് വരുക, അവൻ നിങ്ങള്‍ക്കായി ഒരു പുതു വഴിതുറന്നുതരും, ഇപ്പോള്‍ തന്നെ!!!
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവതം മുന്നേട്ട് പോകുവാൻ കഴിയാതെ പല പ്രശ്നങ്ങളാൽ വഴി അടഞ്ഞതു പോലെ നിൽക്കുന്നു ഇന്ന് എനിക്കായി ഒരു പുതു വഴി തുറന്നുതരേണമേ. ആമേൻ