Uncategorized

“എന്തു നല്ല സഖി യേശു”

വചനം

സദൃശ്യവാക്യങ്ങള്‍ 18 : 24

വളരെ സ്നേഹിതന്മാരുളള മനുഷ്യന് നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുളള സ്നേഹിതന്മാരും ഉണ്ട്

നിരീക്ഷണം

നമുക്ക് വിശ്വാസമർപ്പിക്കുവാൻ കഴിയുന്ന സുഹൃത്തുക്കള്‍ ഇല്ലെങ്കിൽ ജീവിതത്തിൽ കടന്നുവരുന്ന ഭയാനകമായ പ്രശ്നങ്ങളുടെ മദ്ദ്യേ നാം ഒറ്റപ്പെടുവാൻ ഇടയാകും. സഹോദരനെക്കാളും സ്നേഹത്തോടെ നമ്മോട് പറ്റി നിൽക്കുന്ന സ്നേഹിതന്മാരും ഉണ്ട് എന്ന് ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ നമ്മോട് പറയുന്നു. ഒരു പക്ഷേ തന്റെ സുഹൃത്ത് യോനാഥാനുമായി തന്റെ പിതാവായ ദാവീദിന് ഉണ്ടായിരുന്ന ആത്മ ബദ്ധത്തെ മനസ്സിൽ ചിന്തിച്ചുകൊണ്ടായിരിക്കാം ഈ വചനം ശലോമോൻ സദൃശ്യവാക്യങ്ങളായി എഴുതിയത്. വരാനിരിക്കുന്ന മശിഹായെക്കുറിച്ചുളള അവന്റെ സ്നേഹത്തെപറ്റിയുളള ഒരു ധ്വനിയും നമുക്ക് ഈ വചനത്തിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും.

പ്രായോഗികം

സഹോദരങ്ങള്‍ തമ്മിലുളള സ്നേഹ ബന്ധം എത്ര ആഴമേറിയതാണ് എന്ന് നമുക്കറിയാം. ചില സഹോദരങ്ങള്‍ തമ്മിൽ വളരെ അസാധാരണമായ സ്നേഹത്തിന്റെ കരുതലുകളും, സംരക്ഷണങ്ങളും നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ സഹോദരനെക്കാളും അടുത്തുനിൽക്കുന്ന ഒരു സ്നേഹ ബന്ധത്തെക്കുറിച്ചാണ് ജ്ഞാനിയായ ശലോമോൻ ഇവിടെ ഓർപ്പിക്കുന്നത്. ഈ വചനം അല്പംകൂടി ആഴമായി ചിന്തിച്ചാൽ നമ്മുടെ എല്ലാ സാഹചര്യങ്ങളിലും നമ്മോട് ചേർന്ന് നിൽക്കുന്ന നല്ല സ്നേഹിതനായ യേശുക്രിസ്തുവാണെന്ന് കാണുവാൻ കഴിയും. പ്രശ്നങ്ങള്‍ നിറഞ്ഞ് ആഴത്തിലേക്ക് താണുപോകുന്ന അവസരങ്ങളിൽ ആവശ്യത്തിന് ഒന്നു വിളിക്കുവാൻ പോലും ആരും ഇല്ലെന്ന് നിങ്ങല്‍ക്ക് തോന്നിയ അവസരങ്ങള്‍ ജീവിതത്തിൽ ഉണ്ടാകും.   എന്നാൽ അത്തരം സാചര്യങ്ങളിൽ നാം പോലും അറിയാതെ നമ്മുടെ അരികെ വന്ന് കരം തന്നു നമ്മെ നിർത്തുന്ന നല്ല സ്നേഹിതനാണ് യേശുക്രിസ്തു. നമ്മുടെ പ്രയാസങ്ങള്‍ മറ്റ് ആരോടും പറയുവാൻ കഴിയാതെയിരിക്കുമ്പോഴും ഈ യേശു നിങ്ങളുടെ അരികിലുണ്ട് അവനോട് സംസാരിക്കാം. ഈ യേശു നമ്മുടെ സഹോദരനെക്കാളും അടുത്തുനിൽക്കുന്ന ഒരു സ്നേഹിതനായതിനാൽ നമ്മുക്ക് നന്ദി പറയാം. ഈ നല്ല സ്നേഹിതനോട് എന്റെ ജീവികാലം മുഴുവനും അങ്ങ് മാത്രം മതി എന്ന് പറയുന്ന വ്യക്തിയോട് കൂടെ ഒരു നാളും മാറാതെ ചേർന്ന് നിൽക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഏകാന്തമായ ജീവിതത്തിലും അങ്ങ് എന്നോടൊപ്പം എപ്പോഴും ഉളളതിനാൽ ഞാൻ നന്ദി പറയുന്നു.  എല്ലാവരും എന്നെ കൈവിടുന്നു എന്ന അവസരം വരുമ്പോഴും എനിക്ക് ഒരു സഹോദരനെക്കാള്‍ അടുപ്പമുളള ഒരു സുഹൃത്തായി അങ്ങ് എപ്പോഴും കൂടെയുളളതിനായി നന്ദി. തുടർന്നും അങ്ങ് ഒരു നല്ല സുഹൃത്തായി എന്നോടൊപ്പം എന്നും ആയിരിക്കേണമേ എന്ന് അപേക്ഷിക്കുന്നു. ആമേൻ